ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയുണ്ടാകുമോ?; നിര്‍ണായക യോഗങ്ങള്‍ ഇന്ന്
Monday, April 21, 2025 8:41 AM IST
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് കൊച്ചിയിൽ ചേരും. സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമാ സംഘടനകൾ.
ഇന്ന് വൈകുന്നേരം മൂന്നിനാണ് ഫിലിം ചേംബറിന്റെ യോഗം. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികൾ അറിയിക്കും.