ഈ റിക്കാർഡ് തകർക്കാൻ ഇനി ആരായിരിക്കും വരിക? 30 ദിവസം കൊണ്ട് 325 കോടി: ചരിത്രം വീണ്ടും തിരുത്തി എമ്പുരാൻ
Monday, April 21, 2025 8:37 AM IST
റിക്കാർഡുകൾ തിരുത്തിക്കുറിച്ച് എമ്പുരാൻ മുന്നേറുകയാണ്. ഇപ്പോഴിതാ എമ്പുരാന്റെ ഏറ്റവും പുതിയ കളക്ഷനാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 325 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് പൃഥ്വിരാജ് പുറത്തു വിട്ട പുതിയ പോസ്റ്ററിൽ അവകാശപ്പെടുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ഇത്ര വേഗത്തിൽ 325 കോടി നേടുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള കളക്ഷനും ബിസിനസും ചേർന്ന തുകയാണ് ഇത്.
മോഹൻലാൽ, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർക്കൊപ്പം നിൽക്കുന്ന സക്സസ് ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.
"ചരിത്രത്തിൽ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് നിർമിച്ചത്. മലയാള സിനിമ ഇന്ന് കൂടുതൽ ഭംഗിയോടെ തിളങ്ങുന്നു - ഒരുമിച്ച്' ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
അതേസമയം ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്സ്റ്റാറില് സ്ട്രീമിംഗ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്.