ലഹരി കേസ്; നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
Saturday, April 19, 2025 2:44 PM IST
ലഹരി കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തത്.
ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.
ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ മൊഴി നല്‍കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. ഷൈനിന്റെ രക്തം, നഖം, മുടി എന്നിവയുടെ സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.