ഏറ്റവും അടുത്ത സുഹൃത്ത്, എഡിറ്റ് ചെയ്യാൻ ആദ്യം സമീപിച്ചതും അൽഫോൻസിനെ; കാർത്തിക് സുബ്ബരാജ്
Saturday, April 19, 2025 2:26 PM IST
സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയിലർ എഡിറ്റ് ചെയ്ത സംവിധായകൻ അൽഫോൻസ് പുത്രനെ പ്രകീർത്തിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമകളെക്കുറിച്ച് ഒരുപാട് ചർച്ചകൾ മണിക്കൂറുകളോളം അൽഫോൻസുമായി നടത്തിയിട്ടുണ്ടെന്നും അതിനാൽ എഡിറ്റ് ചെയ്യണണെന്ന് തോന്നിയപ്പോൾ ആദ്യം ചെന്നത് അൽഫോൻസിന്റെ അടുത്തേയ്ക്കാണെന്നും കാർത്തിക് പറഞ്ഞു.
""എന്റെ വളരെ അടുത്ത സുഹൃത്താണ് അൽഫോൻസ് പുത്രൻ. 'നാളൈ ഇയക്കുനറിൽ' ഞാൻ ആദ്യമായി ഷോർട്ട് ഫിലിം എടുത്തപ്പോൾ ഞാൻ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുകയായിരുന്നു. അപ്പോളാണ് എന്നോട് ചിലർ പറയുന്നത് നിങ്ങൾ പ്രൊഫഷണലായി എഡിറ്ററിനെ വെച്ച് ചെയ്യണമെന്ന്.
അപ്പോൾ ഞാൻ ആദ്യം ചെന്നത് അൽഫോൻസിന്റെ അടുത്തേക്കാണ്. നാളൈ ഇയക്കുനര് സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അൽഫോൺസിനൊപ്പമാണ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്.
പിന്നീട് നേരം, പ്രേമം സിനിമകൾ ചെയ്ത് അൽഫോൺസ് ശ്രദ്ധ നേടി. വീണ്ടും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അൽഫോൺസ് തിരിച്ചു വന്നിരിക്കുകയാണ്''. കാർത്തിക് സുബ്ബരാജ് പറഞ്ഞു.
മലയാളചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം തുടങ്ങിയ മോഹൻലാൽ സിനിമകളുടെ ട്രെയിലർ കട്ടിന് പിന്നിലും അൽഫോൻസ് ആയിരുന്നു.