ഒടിടിയിൽ മികച്ച അഭിപ്രായം നേടി "ഋ'
Thursday, April 17, 2025 5:22 PM IST
തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കൈയടി നേടുകയാണ് കാമ്പസ് ചിത്രം "ഋ'. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാമ്പസ് രാഷ്ട്രീയവും പ്രണയവും ചര്‍ച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ഒഥല്ലോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയിലൂടെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജാതി ചിന്തയും വര്‍ഗ വിവേചനവും വര്‍ണ്ണവെറിയുമൊക്കെയാണ് ചിത്രം പറയുന്നത്. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ പറച്ചില് ആരംഭിക്കുന്നത്.
ഇവരുടെ പ്രണയ ബന്ധം നാട്ടിലും വീട്ടിലും വലിയ വര്‍ഗീയ പ്രശ്നമായി ഉയര്‍ന്നതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കുകയും കാമ്പസില്‍ തന്നെ സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.
പിന്നീട് പറയുന്ന രണ്ട് പ്രണയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്ന് ഒരേ സമുദായത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയവും രണ്ടാമത്തേത് ദളിത് യുവാവും ഉയര്‍ന്ന സമുദയത്തില്‍ പെട്ട യുവതിയുമായുള്ള പ്രണയവും. വര്‍ണ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് വരുമ്പോള്‍ വര്‍ഗീയതയുടെ വിഷം ചീറ്റലില്‍ ഇരയാകപ്പെട്ടവരുടെ ജീവിതങ്ങള്‍ ദുരന്തമായി പര്യവസാനിക്കുന്നതാണ് കാണുന്നത്. അപ്പോഴും വര്‍ഗീയത എന്ന വിഷം യാതൊരുവിധ പരിക്കുകളുമില്ലാതെ സമൂഹത്തില്‍ നിലനില്ക്കുന്നുവെന്ന പച്ചയായ യാഥാര്‍ഥ്യവും സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്.
ക്ലൈമാക്സിലെ ട്രാജിക്കല്‍ എന്‍ഡാണ് തീയറ്ററുകളില്‍ പ്രക്ഷകരെ അകറ്റി നിര്ത്തിയതെങ്കില് ഒടിടിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചതും ഇതേ ക്ലൈമാക്സ് തന്നെയാണ്. ഒഥല്ലോയോട് അങ്ങേയറ്റം നീതി പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയാണ് വാണിജ്യ സിനിമകളുടെ ചേരുവകകളില്‍ നിന്ന് അകറ്റി കലാമൂല്യത്തിന് ഊന്നല്‍ നല്‍കിയുള്ള ദുരന്തപര്യവസായി സിനിമ അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കിയത്.
മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസില്‍ നടന്ന സംഭവങ്ങളൊക്കെ ചിത്രത്തില്‍ അതേപടി ഉപയോഗിച്ചിട്ടുണ്ട്. രഞ്ജി പണിക്കര്‍, രാജീവ് രാജന്, നയന എല്‍സ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
വൈദികനായ ഫാ. വര്‍ഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിന്റേതാണ് തിരക്കഥ. കാമ്പസിലെ പൂര്‍വ വിദ്യാര്‍ഥിയും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിട്ടുള്ളത്.
സംഗീതം സൂരജ് എസ്. കുറുപ്പ്, ഗാനരചന വിശാന്‍ ജോണ്സണ്, ആലാപനം വിനിത് ശ്രീനിവാസന്, മഞ്ജരി, പി.എസ്. ബാനര്‍ജി. ഷേക്സ്പിയര് പിച്ചേഴ്സിന്റെ ബാനറില്‍ ഗിരീഷ് രാം കുമാര്‍, ജോര്‍ജ് വര്‍ഗീസ്, മേരി റോയ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.