അടുത്ത ഷോട്ടിന് മുൻപ് അഞ്ചു പുകയെങ്കിലും എടുക്കാതെ അവർക്ക് പറ്റില്ല; ഭാഗ്യലക്ഷ്മി
Thursday, April 17, 2025 11:32 AM IST
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തീരുമാനം എടുത്ത വിൻസി എല്ലാവർക്കും മാതൃകയാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഒരു സെറ്റിൽ നടനോ നടിയോ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കിൽ അത് നിർമാതാവിനും സംവിധായകനും ഉറപ്പായും മനസിലാകും. എന്നിട്ടും അതെല്ലാം കണ്ടില്ലെന്ന് നടിച്ച് ഇവരോടൊപ്പം പ്രവർത്തിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
""മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒപ്പം സിനിമ ചെയ്യില്ലെന്ന് തുറന്നുപറയാൻ ധൈര്യം കാണിച്ച ഒരു പെൺകുട്ടിയെ കൂട്ടമായി ആക്രമിക്കുന്ന ഒരു പ്രവണത. അതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ആയാലും മറ്റെന്തു പ്രശ്നമായാലും സ്ത്രീകൾ ഒന്നും വന്ന് പുറത്ത് പറയില്ല.
കാരണം അവർക്ക് അവസരം നഷ്ടപ്പെടും എന്ന പേടിയാണ്, അവിടെയാണ് വിൻസി എല്ലാവർക്കും മാതൃകയായി മാറുന്നത്. ഇങ്ങനെയായിരിക്കണം ഒരു വ്യക്തി എന്ന് അവർ തെളിയിച്ചു കാണിച്ച ഒരു കാര്യമാണ്. വിൻസി. നല്ല നടിയാണ്, കേറി വരുന്ന ഒരു പെൺകുട്ടിയാണ്. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എന്നിട്ടും അവർ പറയുന്നു, സിനിമ ഇല്ലെങ്കിലും ജീവിക്കുമെന്ന്.
ആ ഒരു ആത്മവിശ്വാസത്തെ നമ്മൾ അഭിനന്ദിച്ചേ മതിയാകൂ. ഇതു പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും തീരുമാനിക്കണം. ഇങ്ങനെ മദ്യപിച്ചുകൊണ്ട് അല്ലെങ്കിൽ ഇത്തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് എന്നോടൊപ്പം ജോലി ചെയ്യാൻ പറ്റില്ലെന്നു തന്നെ തുറന്നു പറയണം. ഉപയോഗിക്കുന്നവർ ഉപയോഗിച്ചോട്ടെ അത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്.
അത് അവരുടെ സ്വകാര്യ ഇടങ്ങളിൽ മാത്രം ഉപയോഗിക്കണം, അവരുടെ വീടിനുള്ളിൽ ഉപയോഗിക്കണം. ഇതൊക്കെ ഉപയോഗിച്ച് ഇവരുടെ കോപ്രായം മറ്റുള്ളവർ സഹിക്കണം എന്ന് പറയുന്നത് എന്ത് ന്യായമാണ്?
തീർച്ചയായിട്ടും ഇതിൽ ‘അമ്മ’യ്ക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കിൽ, ‘അമ്മ’ പരാതി സ്വീകരിച്ച് വളരെ ശക്തമായ നടപടി തന്നെ എടുക്കണം എന്നാണ് എന്റെ അഭിപ്രായം. പരാതികളൊക്കെ എടുക്കും, പക്ഷേ നടപടി എന്തെങ്കിലും എടുക്കുമോ എന്ന കാര്യം സംശയമാണ്.
ഇവിടെ ആരൊക്കെ ലഹരി ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെന്ന് ഈ ഇൻഡസ്ട്രിയിൽ ഉള്ള ഓരോ സംവിധായകനും ഓരോ നിർമാതാവിനും ആർട്ടിസ്റ്റുകളും എല്ലാം അറിയാം. ഇവിടെയുള്ള സൂപ്പർ സ്റ്റാർസിന് വരെ അവരെ അറിയാം. എന്നിട്ടും അവരെ വച്ച് ഇവരൊക്കെ പടങ്ങൾ ചെയ്യുന്നു.
അവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. നീ ഇത് ഉപയോഗിക്കുകയാണെങ്കിൽ നിനക്ക് ഞങ്ങൾ സിനിമ തരില്ല എന്ന ഉറച്ച തീരുമാനമെടുക്കുമ്പോൾ അല്ലേ അവരും കുറച്ച് അലർട്ട് ആകുകയുള്ളൂ.
എന്റെ ചീത്ത സ്വഭാവം കാരണമാണ്, എനിക്ക് തൊഴിലില്ലാതെ ആകുന്നത് എന്ന് അവർക്കും മനസിലാകും. തൊഴിൽ ആണോ പ്രധാനം അവരുടെ ലഹരി ഉപയോഗമാണോ പ്രധാനം എന്ന് അവർ സ്വയം തീരുമാനിക്കും.
ഇവിടെ ഒരുപാട് നിർമാതാക്കൾ ഇത് കണ്ടും കേട്ടും നിൽക്കുന്നുണ്ട്. ഷൂട്ടിംഗ് സമയത്ത് കാരവനകത്ത് കയറി കഴിഞ്ഞാൽ മേഘങ്ങൾക്കിടയിൽ നടക്കുന്ന പ്രതീതിയാണ്. അത്രയ്ക്ക് പുകയ്ക്കുള്ളിലേക്ക് ആണ് ഒരു നിർമാതാവോ സംവിധായകനോ കയറിച്ചെല്ലുന്നത് എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. ഇതിനൊക്കെ ആർക്കും ഒരു എതിർപ്പും പ്രതിഷേധവുമില്ല.
എന്ത് അദ്ഭുതമാണ്. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ് ഇവരെ അഭിനയിക്കാൻ വിളിക്കുന്നത്. ഇവരോടൊക്കെ ഒരുമിച്ച് നേരിട്ട് പ്രവർത്തിച്ചിട്ടുള്ളവർ പറഞ്ഞതാണ് 11-12 മണി കഴിയാതെ ക്യാമറയ്ക്ക് മുന്നിൽ വരില്ല.
വന്നു കഴിഞ്ഞാൽ ഒരു ഷോട്ട് എടുക്കും, അടുത്ത ഷോട്ടിനു മുൻപ് അഞ്ച് പുകയെങ്കിലും എടുക്കാതെ ഇവർക്ക് നിൽക്കാൻ പറ്റില്ല. ഇവരുടെ കല ഇത് ഉപയോഗിച്ചാലെ പുറത്തുവരു എന്നാണോ? ഇതാണോ ഒരു കലാകാരന്റെ മേന്മ? ഇവർക്ക് സ്വയം കഴിവ് ഇല്ലേ?
ഇത് നിർമാതാക്കൾ തീരുമാനിക്കണം. കൂടെ അഭിനയിക്കുന്ന നടന്മാരും നടിമാരും തീരുമാനിക്കണം. ഇവരോടൊപ്പം വർക്ക് ചെയ്യില്ലെന്ന്. ഒരു നടി പറയുകയാണ് ആ നടൻ എന്നോട് അങ്ങേയറ്റം മോശമായി പെരുമാറി എന്ന്. പക്ഷേ ഞാൻ എന്ത് ചെയ്യാനാണ് എനിക്ക് സിനിമ അഭിനയിച്ചു തീർക്കണമല്ലോ അല്ലെങ്കിൽ എനിക്ക് സിനിമ ഇല്ലാതെയാകും.
ഇങ്ങനെ പറയുന്ന സ്ത്രീകളുടെ ഇടയിലാണ് വിൻസി എടുക്കുന്ന തീരുമാനം നമ്മൾ അംഗീകരിച്ചു കൊടുക്കേണ്ടത്. ആ ഒരു പെൺകുട്ടി എടുക്കുന്ന അത്ര പോലും ധൈര്യം സ്വന്തം പൈസ മുടക്കി എടുക്കുന്ന നിർമാതാവിന് ഇല്ലേ? ഇൻഡസ്ട്രിക്ക് പുറത്ത് ഇതൊക്കെ ഉപയോഗിക്കുന്നവർ ഇഷ്ടംപോലെ ഉണ്ടാകും പക്ഷേ ഇൻഡസ്ട്രിക്ക് അകത്ത് ഇത് വളരെ വ്യാപകമായി ആളുകൾ ഉപയോഗിക്കുന്നുണ്ട്.
ലഹരി ഉപയോഗം ഒരുപാട് കൂടി വരികയാണ്. അതിന് ഏറ്റവും ശക്തമായ നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു പത്രസമ്മേളനം നടത്തിയിട്ട് കാര്യമില്ല, അവർക്കെതിരെ എന്ത് നടപടിയെടുത്തു എന്നാണ് പറയേണ്ടത്.
അതിനാണല്ലോ ചേംബറും പ്രൊഡ്യൂസർ അസോസിയേഷനും ഒക്കെ ഉള്ളത് അവർ ശക്തമായി തീരുമാനം എടുക്കുമ്പോഴാണ് കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകുന്നത്. സിനിമ എടുക്കുന്ന ആള് സ്ട്രോംഗ് അല്ലെങ്കിൽ ബാക്കിയുള്ളവർക്ക് എന്ത് ചെയ്യാൻ പറ്റും?’’ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.