ജയൻ ആരാധകരെ ഹർഷപുളകിതരാക്കാൻ ‘ശരപഞ്ജരം’ വീണ്ടും വെള്ളിത്തിരയിൽ
Thursday, April 17, 2025 10:36 AM IST
നടന് ജയൻ നായകനായി അഭിനയിച്ച് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ‘ശരപഞ്ജരം’ വീണ്ടും തിയറ്ററുകളിലേക്ക്. നാലര ദശാബ്ദത്തിനുശേഷമാണ് പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ റോഷിക എന്റര്‍പ്രൈസസ് ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ എത്തിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 25ന് ചിത്രം കേരളത്തിലെ 65 ഓളം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
മലയാള ചലച്ചിത്ര ചരിത്രത്തില്‍ നവതരംഗങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രം പതിറ്റാണ്ടുകള്‍ക്കിപ്പുറവും, തലമുറകള്‍ കടന്നും ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം. ലൈറ്റ് സബ്ജക്ടുകള്‍ മാത്രം ചെയ്തിരുന്ന ഹരിഹരന്റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.
മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തില്‍ കുതിരക്ക് എണ്ണയിടുന്നതും, ഈ രംഗങ്ങള്‍ സുന്ദരിയായ നായികയെ ആകര്‍ഷിക്കുന്നതുമായ രംഗങ്ങള്‍, പ്രേക്ഷകരെ ആകര്‍ഷിക്കുകയും, സിനിമയുടെ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്.
നെല്ലിക്കോട് ഭാസ്കരന് ആ വര്‍ഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം. ചുരുക്കം ചില ചിത്രങ്ങളില്‍ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന് എന്ന നടനെ താരമാക്കിയതും ഈ ചിത്രം തന്നെയാണ്. ചന്ദ്രശേഖരന് എന്ന കഥാപാത്രമായി ജയനും, സൗദാമിനി എന്ന കഥാപാത്രമായി ഷീലയും, പ്രേഷകപ്രീതി നേടി.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ ജയനും സത്താറും തമ്മിലുള്ള സംഘട്ടനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. മലമുകളിലെ വഴുക്കലുള്ള പാറപ്പുറത്തുവച്ചുള്ള ഈ സംഘട്ടന രംഗം, ഹരിഹരന്റെ അനുവാദത്തോടെ ജയന് തന്നെയായിരുന്നു ചിട്ടപ്പെടുത്തിയത്. ഷോലെയില്‍ അംജത്ഖാന് സൃഷ്ടിച്ച തരംഗം പോലെയുണ്ട് ജയന്റെ പ്രകടനം എന്നാണ് ഉമ്മര്‍ ഈ സംഘട്ടന രംഗത്തെക്കുറിച്ച് പറഞ്ഞത്.
1979-ല്‍ ഏറ്റവും കൂടുതല്‍ കളഷന്‍ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം. 4 കെ. ഡോല് ബി അറ്റ്മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍, റീ മാസ്റ്റര്‍ ചെയ്ത്, സിനിമാ സ്ക്കോപ്പിലാണ് ഏപ്രില്‍ 25-ന് ശരപഞ്ജരം വീണ്ടും തീയേറ്ററിലെത്തുന്നത്.
ജി.പി. ഫിലിംസിന്റെ ബാനറില്‍, ജി.പി ബാലന് നിര്‍മ്മിച്ച ശരപഞ്ജരം, ഹരിഹരന് തിരക്കഥ രചിച്ച് സംവിധാനം ചെയ്തു. നാടകാചാര്യന് കെ.ടി.മുഹമ്മദ് സംഭാഷണം എഴുതി. കഥ – മലയാറ്റൂര്‍ രാമകൃഷ്ണന്, ഗാനരചന – യൂസഫലി കേച്ചേരി, സംഗീതം – ദേവരാജന്‍, ആലാപനം – യേശുദാസ്, ജയചന്ദ്രന്, വാണി ജയറാം, പി. ശുശീല, മാധുരി, സംഘട്ടനം – ത്യാഗരാജന്, വിതരണം -റോഷിക എന്റര്‍പ്രൈസസ്.
ജയന്, ഷീല, സത്താര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, ശങ്കര്‍, ശരത് ബാബു, നെല്ലിക്കോട് ഭാസ്ക്കരന്‍, പി.കെ.എബ്രഹാം, ലത, പ്രിയ, കോട്ടയം ശാന്ത, ഭവാനി, ബേബി സുമതി എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.