"ദി ചോസണ്‍: ലാസ്റ്റ് സപ്പർ' പെസഹ വ്യാഴാഴ്ച തിയറ്ററുകളില്‍; കൊച്ചിയിലും തിരുവനന്തപുരത്തും പ്രദർശനം
Wednesday, April 16, 2025 11:50 AM IST
യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ കാണാൻ കേരളത്തിലുള്ളവർക്കും അവസരം. പെസഹ വ്യാഴാഴ്ച കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ പിവിആര്‍ തിയറ്ററുകളില്‍ ചിത്രം പ്രദർശിപ്പിക്കും.
കൊച്ചി പിവിആര്‍ ലുലുവില്‍ ഉച്ചയ്ക്ക് 1.23നും 4.45നുമാണ് ഷോ. കൊച്ചി ഫോറം മാളില്‍ വൈകുന്നേരം 4.50നും രാത്രി 07.20നും പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പിവിആര്‍ ലുലു മാളില്‍ വൈകീട്ട് 4.20നാണ് ഏക പ്രദര്‍ശനം. ബംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങീയ നഗരങ്ങളിലും വ്യാഴാഴ്ച പ്രദർശനം ഒരുക്കിയിട്ടുണ്ട്.
ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ വികാരനിര്‍ഭരമായ നിരവധി സംഭവങ്ങള്‍ ദി ചോസണ്‍: ലാസ്റ്റ് സപ്പറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോനാഥന് റൂമിയോയാണ് ചിത്രത്തില്‍ യേശുവിനെ അവതരിപ്പിച്ചിരിക്കുന്നത്.