ലഹരി ഉപയോഗിച്ച ആ നടന്റെ പേരെന്തുകൊണ്ട് പറഞ്ഞില്ല; മറുപടിയുമായി ഭാഗ്യലക്ഷ്മി
Wednesday, April 16, 2025 11:23 AM IST
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി ഭാഗ്യലക്ഷ്മി.
വിൻസിയുടെ നിലപാട് ധീരമാണെന്നും വളർന്നു വരുന്ന കലാകാരിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കുക അത്ര എളുപ്പമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘‘നിലപാട്. അത് എല്ലാവര്ക്കും ഉണ്ടാവില്ല. ഉള്ളവര്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കാനും ആവില്ല. പ്രത്യേകിച്ച് സിനിമയില്‍. പക്ഷേ സമാധാനം ഉണ്ടാവും. സ്വയം അഭിമാനം തോന്നും. വിൻസിയുടെ നിലപാട് ധീരമാണ്. അത്ര എളുപ്പമല്ല വളര്‍ന്ന് വരുന്ന ഒരു കലാകാരിക്ക് അങ്ങനെ ഉറക്കെ വിളിച്ച് പറയാന്‍.
വിൻസിയുടെ വാക്കുകള്‍, ‘‘സിനിമ എനിക്ക് ഇഷ്ടമാണ് പക്ഷേ സിനിമ ഇല്ലെങ്കില്‍ ഞാന്‍ ജീവിക്കില്ല എന്നൊന്നും ഇല്ല.’’ .. ആത്മവിശ്വാസമാണ് ആ വാക്കിൽ ഞാൻ കണ്ടത്...പല വിഷയത്തിലും സിനിമയിലെ സ്ത്രീകള്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഗ്രേറ്റ് വിൻ സി., ഹാറ്റ്സ് ഓഫ്.’’–ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം ലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറിയ നടന്റെ പേര് വെളിപ്പെടുത്താതിൽ വിൻ സിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മിയോടും ചോദ്യമുയർന്നു. ‘‘പേര് പറയാഞ്ഞിട്ട് ഈ തെറിവിളി. പറഞ്ഞിട്ട് വേണം ആരാധകരുടേയും കൂടി.’’എന്നായിരുന്നു ഇക്കാര്യത്തിൽ ഭാഗ്യലക്ഷ്മിയുടെ മറുപടി. നിങ്ങൾക്ക് ആളെ അറിയാൻ വേണ്ടി മാത്രമാണ് ആ ചോദ്യമെന്നും അറിഞ്ഞാൽ എന്ത് ചെയ്യുമെന്നും നടി തിരിച്ചു ചോദിക്കുന്നുണ്ട്.