തീപിടുത്തത്തിൽ മകൻ രക്ഷപ്പെട്ടതിന് നന്ദി; തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ
Wednesday, April 16, 2025 9:09 AM IST
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ഞായറാഴ്ച തിരുമല ക്ഷേത്രത്തിൽ വച്ച് തല മുണ്ഡനം ചെയ്തു. സിംഗപ്പൂരിൽ അടുത്തിടെ ഉണ്ടായ തീപിടുത്തത്തിൽ ഇവരുടെ മകന് പൊള്ളലേറ്റിരുന്നു. മകൻ പൊള്ളലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നന്ദി സൂചകമായാണ് അന്ന തന്റെ തലമുടി മുണ്ഡനം ചെയ്തത്.
പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക് പോയിരുന്നു
പവന് കല്യാൺ - അന്ന ദമ്പതികളുടെ മകൻ മാർക്ക് ശങ്കർ അടുത്തിടെ സിംഗപ്പൂരിൽ ഒരു വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഏപ്രിൽ എട്ടിന് ഉണ്ടായ തീപിടുത്തത്തിൽ കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റിരുന്നു. വിഷപ്പുക ശ്വസിച്ചതിനാല്‍ ആശുപത്രിയിലായിരുന്നു എട്ടു വയസുകാരന്.
മാര്‍ക്കിന് ആപത്തുകള്‍ ഒന്നും പറ്റാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങിയ ശേഷം അന്ന കൊനിഡേല തന്റെ മുടി ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
“ആചാരം പാലിച്ചുകൊണ്ട്, അന്ന പത്മാവതി മുടി അർപ്പിക്കുകയും പൂജ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു,” ജനസേന പാർട്ടിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് ഗായത്രി സദനിൽ ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വരനിൽ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന പ്രഖ്യാപന ഫോമുകളിൽ ഒപ്പുവച്ചു.
പവൻ കല്യാണിനും ഭാര്യ അന്ന ലെഷ്നേവയ്ക്കും 2017 ഒക്ടോബർ 10 നാണ് മകൻ മാർക്ക് ശങ്കര്‍ ജനിച്ചത്. റഷ്യൻ മോഡലായിരുന്ന അന്ന ലെഷ്നേവ പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ്. 2011 ൽ തീൻ മാർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 2013 സെപ്റ്റംബർ 30 നാണ് ഇവര്‍ വിവാഹിതരായത്.