മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് സ്വപ്നസാക്ഷാത്കാരം; ബസൂക്ക ചിത്രീകരണത്തിനിടെ വന്ന അപകടവും; ഹക്കിം ഷാ
Monday, April 14, 2025 9:34 AM IST
ബസൂക്കയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്ക്കാരം ആയിരുന്നുവെന്ന് നടൻ ഹക്കിം ഷാ. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിച്ച നിമിഷങ്ങൾ എന്നും വിലപ്പെട്ടതായിരിക്കുമെന്നും ഹക്കിം കുറിച്ചു. അതേസമയം ചിത്രീകരണത്തിനിടയിൽ സംഭവിച്ച അപകടത്തെക്കുറിച്ചും താരം വെളിപ്പെടുത്തി.
‘‘ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് അവിസ്മരണീയമായ ഒരവസരം ലഭിച്ചു. എനിക്കിത് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. ഞാൻ ഈ നിമിഷങ്ങൾ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കും.
ചിത്രീകരണത്തിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു, അത് തലച്ചോറിൽ ക്ഷതം ഉണ്ടാകുന്നതിലേക്ക് വരെ കാരണമായി. അത് എന്റെ വേഗത കുറച്ചെങ്കിലും ഞങ്ങൾ മുന്നോട്ട് തന്നെ പോയി. ആഗ്രഹിക്കുന്നത് നേടുന്നതിനിടെ ഉണ്ടാകുന്ന പ്രയാസങ്ങളും, സ്ഥിരോത്സാഹവും, ശുദ്ധമായ അഭിനിവേശവുമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്.
ഇത് ഞങ്ങൾക്ക് വെറുമൊരു സിനിമയല്ല, പൂർത്തിയാക്കുമെന്ന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്ത ഒരു പോരാട്ടമാണ്. മമ്മൂക്കയ്ക്കും ഡീനോ ഡെന്നിസിനും മറ്റെല്ലാ അണിയപ്രവർത്തകർക്കും നന്ദി. ബസൂക്ക ഇപ്പോൾ നിങ്ങളുടെ അടുത്ത തിയറ്ററുകളിൽ ഉണ്ട്, എല്ലാവരും സിനിമ കണ്ട് പിന്തുണ നൽകണം.’’ ഹക്കിം ഷാ കുറിച്ചു.