ടോക്സിക് ആയ മനുഷ്യരേ...‘ഗുഡ് ബാഡ് അഗ്ലി’ ട്രോളുകളിൽ നിവൃത്തിക്കെട്ട് തൃഷ
Saturday, April 12, 2025 8:49 AM IST
ഗുഡ് ബാഡ് അഗ്ലിയിലെ കഥാപാത്രത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ ശരിക്കും വിഷം പടർത്തുന്നവർ ആണെന്നും അവർക്കെങ്ങനെ സമാധാനമായി ജീവിക്കാനും ഉറങ്ങാനും കഴിയുന്നു എന്നും തൃഷ കുറിച്ചു. എന്നാൽ ഇത് എഴുതാനുണ്ടായ സാഹചര്യം എന്തെന്ന് തൃഷ വ്യക്തമാക്കിയിട്ടില്ല.
‘‘ടോക്സിക് ആയ മനുഷ്യരേ, നിങ്ങൾക്ക് എങ്ങനെയാണ് സമാധാനമായി ജീവിക്കാനും അല്ലെങ്കിൽ നന്നായി ഉറങ്ങാനും കഴിയുന്നത്? സോഷ്യൽ മീഡിയയിൽ ഇരുന്ന് മറ്റുള്ളവരെക്കുറിച്ച് അസംബന്ധമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് ശരിക്കും സന്തോഷം തരുന്നുണ്ടോ?

നിങ്ങളെയും നിങ്ങൾക്കൊപ്പം താമസിക്കുന്നവരെയും അല്ലെങ്കിൽ നിങ്ങളോടൊപ്പം സമൂഹത്തിൽ ജീവിക്കുന്നവരെയും ഓർത്ത് എനിക്ക് ശരിക്കും ഭീതി തോന്നുന്നു. മുഖമില്ലാതെ ഇങ്ങനെ മറ്റുള്ളവരെക്കുറിച്ച് അസംബന്ധം പറയുന്നത് തീർച്ചയായും ഭീരുത്വമാണ്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ, ഞാൻ ആത്മാർഥമായി പറയുകയാണ്.” തൃഷ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു.
അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തതിനു പിന്നാലെയാണ് തൃഷ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഇത്തരമൊരു കുറിപ്പ് പങ്കുവച്ചത്.
ചിത്രത്തിൽ അജിത്തിന്റെ വേഷത്തിന് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, തൃഷയുടെ പ്രകടനത്തിൽ ആരാധകർ തൃപ്തരായിരുന്നില്ല. അൽപം നെഗറ്റിവ് ഷെയ്ഡുള്ള തൃഷയുടെ കഥാപാത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും വിദ്വേഷ കമന്റുകളുമാണ് വരുന്നത്.