ബസൂക്ക കാണണോ? അതോ ജിംഖാന വേണോ; സംശയത്തിൽ വിനയ് ഫോർട്ടും ലിജോ മോളും
Friday, April 11, 2025 4:32 PM IST
റിലീസിനൊരുങ്ങുന്ന സംശയം എന്ന ചിത്രത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ മൂന്നു ചിത്രങ്ങളിലേതാണ് ആദ്യം കാണേണ്ടതെന്ന സംശയത്തിലിരിക്കുകയാണ് വിനയ് ഫോർട്ടും ലിജോ മോളും.
ആലപ്പുഴ ജിംഖാന കാണാമെന്ന് ലിജോ മോൾ പറയുമ്പോൾ മരണമാസ്സ് കണ്ടാലോയെന്ന് വിനയ് ചോദിക്കുന്നു. ജിംഖാന തന്നെ കാണാമെന്ന് ലിജോ മോൾ വീണ്ടും പറയുമ്പോൾ എങ്കിൽ ബസൂക്ക കണ്ടാലോയെന്നും മമ്മൂട്ടി ചിത്രമല്ലേ ആദ്യം കാണേണ്ടതെന്നും വിനയ് സംശയത്തോടെ ചോദിക്കുന്നു. ഒടുവിൽ ഇരുവരുടെയും സംശയം നീണ്ടുപോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
രാജേഷ് രവി സംവിധാനം ചെയ്യുന്ന സംശയം എന്ന സിനിമയിൽ വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം.