ഇനി "ഇടി' വീട്ടിൽ കാണാം; ആന്റണിയുടെ ദാവീദ് ഒടിടിയിൽ ഉടൻ
Wednesday, April 9, 2025 4:22 PM IST
ആന്റണി വർഗീസ് നായകനായെത്തിയ ദാവീദ് ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്.
സെഞ്ചറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോ ജോസഫ്, കുമാർ മംഗലത്ത് പതക്ക്, അഭിഷേക് പതക് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിലാണ് ആന്റണി പ്രത്യക്ഷപ്പെട്ടത്.
റിംഗിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2025 ഫെബ്രുവരി 14നാണ് തിയറ്റർ റിലീസ് ചെയ്തത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നത്.
ഓടിടിയിൽ ചിത്രം കാണുമ്പോൾ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണെന്ന് പെപ്പെ പറഞ്ഞു. ഏപ്രിൽ 18 മുതൽ ZEE5 - ലൂടെ ചിത്രം വേൾഡ് വൈഡ് റിലീസായി പ്രേക്ഷകരിലേക്കെത്തും.