ഈ എക്സ്പ്രഷനൊക്കെയിടാൻ എവിടെ ടൈം കിട്ടി? എമ്പുരാനിലെ വേഷത്തിനു പരിഹാസം; മറുപടിയുമായി മണിക്കുട്ടൻ
Wednesday, April 9, 2025 3:34 PM IST
എമ്പുരാൻ സിനിമയിൽ സ്ക്രീൻ ടൈം കുറവായതിന്റെ പേരില്‍ തന്നെ ട്രോളുന്നവർക്കു മറുപടിയുമായി നടൻ മണിക്കുട്ടൻ.
സിനിമയിൽ നിലനിൽക്കുകയെന്നത് തീവ്രമായ ആഗ്രഹമാണെന്നും അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോള്‍ വീഡിയോ പങ്കുവച്ച് മണിക്കുട്ടൻ കുറിച്ചത്.
‘‘മലയാളത്തിലെ അത്രയധികം കലക്ഷൻ കിട്ടിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്മ സമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും.
വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപെടില്ല, എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.''
അതേസമയം എമ്പുരാൻ സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ ഉൾപ്പെടുത്തിയായിരുന്നു ട്രോൾ. ഈ പോസ്റ്ററിലെ എക്സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയിൽ ഇട്ടത്..? മുഴുവൻ സമയവും ഓട്ടത്തിലായിരുന്നല്ലോ എന്ന അടിക്കുറിപ്പോടെയായിരുന്നു പരിഹാസ ട്രോൾ.
മണിക്കുട്ടന്റെ പ്രതികരണത്തിനു പിന്തുണ അറിയിച്ച് നിരവധി ആരാധകർ എത്തി. പരിഹാസങ്ങളില്‍ തളരാതെ മുന്നോട്ട് പോകാൻ ആശംസകള്‍ നേർന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.