‘നോബഡി’യുമായി റോഷാക് സംവിധായകൻ; പൃഥ്വിരാജ് നായകൻ; പാർവതി തിരുവോത്ത് നായിക
Wednesday, April 9, 2025 12:14 PM IST
മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നോബഡിയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. പാർവതി തിരുവോത്ത് നായികയായെത്തുന്നു.
ഇ4 എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ.
എന്നു നിന്റെ മൊയ്തീൻ, കൂടെ, മൈ ലവ് സ്റ്റോറി എന്നീ സിനിമകൾക്കുശേഷം പാർവതിയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രമാണിത്. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. സംഗീതം ഹർഷവർദ്ധൻ (അനിമൽ ഫെയിം), പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്.