അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ; ആ സിനിമയാണ് പത്താം വളവ്
Wednesday, April 9, 2025 10:56 AM IST
മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തി ജയിലിലായ ശങ്കരനാരായണനെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
സുരാജ് വെഞ്ഞാറമ്മൂടിനെയും ഇന്ദ്രജിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ള എഴുതിയ പത്താം വളവ് എന്ന സിനിമ ശങ്കരനാരായണന്റെ ജീവിതം ആസ്പദമാക്കി എഴുതിയതായിരുന്നുവെന്ന് അഭിലാഷ് പിള്ള പറയുന്നു.
അഭിലാഷ് പിള്ളയുടെ കുറിപ്പ് വായിക്കാം
ശങ്കര നാരായണനും കൃഷ്ണ പ്രിയയും പത്താം വളവും: ചില മരണ വാർത്തകൾ അറിഞ്ഞു കഴിയുമ്പോൾ മനസിൽ വല്ലാത്ത ഒരു മരവിപ്പ് അനുഭവപ്പെടും. അതിന് അവർ നമ്മുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല അത് പോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരു പക്ഷേ അത്ര വാർത്ത പ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
പക്ഷേ ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കൈയടിച്ചിട്ടുണ്ട്, സ്വന്തം മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നു കളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്കു ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല.
എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്, വർഷങ്ങൾക്കു മുന്നേ ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്, അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ.
എൻ.ബി: ഇന്ന് അവൾ സന്തോഷിക്കും, ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്.