ആവണിയുടെ സ്കൂൾ ജീവിതം കഴിഞ്ഞു; വീഡിയോ പങ്കുവച്ച് മധു വാര്യർ; കമന്റുമായി മഞ്ജുവും
Wednesday, April 9, 2025 9:16 AM IST
മകൾ ആവണിയുടെ സ്കൂൾ ജീവിതത്തിലെ അവസാനദിന വീഡിയോ പങ്കുവച്ച് നടനും സംവിധായകനുമായ മധു വാര്യർ. ആവണി ആദ്യമായി സ്കൂളിലേയ്ക്ക് പോകുന്ന വീഡിയോയും സ്കൂളിൽ നിന്നും വീട്ടിലേയ്ക്ക് തിരിച്ചുവരുന്ന നിമിഷവും മധു പങ്കുവച്ചിട്ടുണ്ട്.
‘‘അവള് ആദ്യമായി സ്കൂളില്‍ പോയത് ഇന്നലെയാണെന്ന പോലെ തോന്നുന്നു. കണ്ണടച്ച് തുറക്കും മുന്‍പ് സ്കൂള്‍ ജീവിതം കഴിഞ്ഞു, കാലം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്.’’–വീഡിയോ പങ്കുവച്ച് മധു വാര്യർ കുറിച്ചു.
മഞ്ജു വാര്യറും ആവണിയോടുള്ള സ്നേഹനിമിഷങ്ങളെ ഓർത്ത് കമന്റുമായെത്തി. ആവണിക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു. അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുന്‍പ് വൈറലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്.
അതേസമയം നടനും സംവിധായകനുമായി തിളങ്ങിയ വ്യക്തിയാണ് മധു വാര്യർ. മഞ്ജുവിന് പിന്നാലെ അഭിനയ രംഗത്തേക്ക് വന്നെങ്കിലും സംവിധാനത്തിലാണ് തനിക്ക് താൽപര്യമെന്ന് മധു പറഞ്ഞിട്ടുണ്ട്.
ലളിതം സുന്ദരം എന്ന സിനിമയിലൂെട മധു സംവിധായകനായി. ലളിതം സുന്ദരത്തില്‍ നിര്‍മാതാവായും നായികയായും മഞ്ജുവും എത്തിയിരുന്നു.