പ്രിയദർശൻ മുത്തച്ഛനായി; മകന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രം വൈറൽ
Tuesday, April 8, 2025 8:53 AM IST
സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ചൊരു ചിത്രമാണത്. ചിത്രത്തിൽ മകനും മകൾക്കും മരുമകള്‍ക്കുമൊപ്പം പുതിയൊരു അതിഥി കൂടിയുണ്ട് എന്നതാണ് പ്രത്യേകത. പ്രിയദർശന്റെ കൊച്ചുമകളാണ് അതിഥി.
പ്രിയദർശന്റെ മകൻ സിദ്ധാർഥിന്റെയും മെർലിന്റെയും മകളാണിത്. ‘പ്രിയദർശൻ മുത്തച്ഛനായെന്നും, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ?’ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകൾ.
കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ അടിക്കുറിപ്പായി കുറിച്ചത്.
2023ൽ ആയിരുന്നു സിദ്ധാർഥിന്റെയും മെർലിന്റെയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്ലിന്. ചെന്നൈയിലെ ഫ്ലാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്.
ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു.
ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്ക്കാരം ലഭിച്ചിരുന്നു. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ഈ സിനിമയിലൂടെ സിദ്ധാർഥിനെ തേടിയെത്തി.