സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി ഇടയ്ക്കിടെ അഭിപ്രായം മാറ്റുന്നവർ; മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ്
Saturday, April 5, 2025 9:40 AM IST
സംവിധായകൻ മേജർ രവിക്ക് മറുപടിയുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ. മോഹൻലാലിന്റെ ആത്മാർഥ സുഹൃത്താണെന്നു പറയുന്ന മേജർ രവി സ്വാർഥതാൽപര്യത്തിനു വേണ്ടി ഇടയ്ക്കിടെ അഭിപ്രായം മാറ്റി പറയുന്നുവെന്ന് അസോസിയേഷൻ ആരോപിച്ചു.
മോഹൻലാൽ ആരാധകർ ഔദ്യോഗികമായി പുറത്തു വിട്ട ഒരു കുറിപ്പ് ആരുടെയോ ഡ്രാഫ്റ്റ് ആണെന്നു പറഞ്ഞ മേജർ രവി അത് ആരുടേതെന്ന് വ്യക്തമാക്കണമെന്നും ഫാൻസ് അസോസിയേഷൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
നമസ്കാരം, ഇന്ന് സംവിധായകൻ മേജർ രവി ഉന്നയിച്ച ഒരു പരാമർശം ശ്രദ്ധയിൽ പെട്ടു. മോഹൻലാൽ ഫാൻസ് ഒഫീഷ്യൽ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് ആരുടെയോ ഡ്രാഫ്റ്റ് ആണെന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ച സംവിധായകൻ ഒന്ന് കൂടി വ്യക്തമാക്കണം അത് ആരുടെ ഡ്രാഫ്റ്റ് ആണെന്നും എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞത് എന്നും.
സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തിഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ, പറയുന്നത് എല്ലാം സത്യമാകുമെന്നും അത് ജനങ്ങൾ വിശ്വസിക്കും എന്നും കരുതരുത്
ഞങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഴുവനും ചേർന്ന് ചർച്ച ചെയ്തെടുത്ത ഒരു കുറിപ്പാണ് ഞങ്ങൾ ഷെയർ ചെയ്തിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പേഴ്സണൽ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒന്നല്ല ഞങ്ങളുടെ ഈ അസോസിയേഷൻ എന്ന് കൃത്യമായ ബോധത്തോടുകൂടിയാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്.
മോഹൻലാലിന്റെ ചങ്കാണ് എന്ന് മാധ്യമങ്ങൾ വഴി വിളിച്ചു പറയുന്നത് എന്ത് അർഥത്തിൽ ആണ്? നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവരോടൊപ്പം നിൽക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തിതാൽപര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്ക് കാണിക്കും എന്ന് ഞങ്ങൾ കരുതുന്നില്ല.
സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്ക്കിടെ മാറ്റുന്നവർക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല. അദ്ദേഹം ചങ്ക് എന്ന വാക്കിന് കൊടുത്ത അർഥം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.
ഇന്നും മറിച്ചല്ല നടന്നത്. ഏതോ ഒരു വ്യക്തിയുടെ തലയിൽ എല്ലാം കെട്ടി വച്ച് ഞങ്ങൾ അന്ന് പറഞ്ഞതിന്റെ സാരം എന്തെന്ന് പോലും ഉൾക്കൊള്ളാതെ വീണ്ടും ചില ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്നും തെന്നി മാറുകയാണ് അദ്ദേഹം. മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നും വന്ന ബുള്ളറ്റുകൾ ആകുന്ന ചോദ്യങ്ങളിൽ നിന്നും വളരെ സമർത്ഥമായി തന്നെ അദ്ദേഹം ഒഴിഞ്ഞു മാറി.
ലാലേട്ടൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്, "ഒരു ബുദ്ധിമുട്ട് വരുമ്പോൾ എന്നും എനിക്ക് എന്റെ എ പിള്ളേര് ഉണ്ടെടാ" എന്ന്. അങ്ങനെ ഉള്ള ലക്ഷക്കണക്കിന് ആരാധകർ ആണ് ലാലേട്ടന്റെ ചങ്കുകൾ. വിവിധ ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ള ലക്ഷക്കണക്കിന് ചങ്കുകൾ. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും പറയുന്നത്, "ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ്.