ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ട പയ്യൻ ഓടിപ്പോയത് ലഷ്കറെ തയിബയിലേയ്ക്ക്; എമ്പുരാനെതിരെ സോണിയ മൽഹാർ
Thursday, April 3, 2025 11:34 AM IST
പൃഥ്വിരാജ് ചിത്രം എമ്പുരാൻ മോശമായ സ്വാധീനമാണ് സമൂഹത്തിലേക്ക് നൽകുന്നതെന്നും മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് എവിടെങ്കിലുമൊക്കെ പിഴയ്ക്കുമെന്നും നടിയും ബിജെപി പ്രവർത്തകയുമായ സോണിയ മൽഹാർ.
സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കാണെന്നും ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും നടി ചോദിക്കുന്നു.
ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വർഷം ഭരിച്ച കോൺഗ്രസ് സർക്കാർ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യൽമീഡിയയോ ഡിജിറ്റൽ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില് നമ്മൾ പലതും വിശ്വസിച്ചു.
ഏതോ ഗർഭിണിയുടെ വയറ്റിൽ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ ആർഎസ്എസ്, ബിജെപി എന്നൊക്കെ.
കഴിഞ്ഞ ഒൻപത് വർഷം ഇതുമായി ബന്ധപ്പെട്ട് റിസർച്ച് ചെയ്തു. പലതും പഠിച്ചു, പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. പാർട്ടിയെക്കുറിച്ച് പഠിച്ചു. ഈ പറയുന്നതൊന്നുമല്ല വാസ്തവം. യാഥാർഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചത്.
സത്യം തിരിച്ചറിയാൻ എപ്പോഴും സാധിക്കണമെന്നു വരില്ല, ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാൽ എങ്ങനെയാണ് മനസിലാകുക. ഒരാൾ ഒരടി കൊടുക്കുമ്പോഴാണ് തിരിച്ചടി കൊടുത്തതിന്റെ കാരണം മനസിലാകുക. ഗോധ്ര കലാപത്തെ ടൈറ്റിൽ മാത്രം ഓടിച്ചുപോകുന്ന രീതിയിൽ കാണിച്ചാൽ ആർക്കും മനസിലാകില്ല, ഇതെന്താണെന്ന്.
പ്രത്യേകിച്ച് പുതിയ തലമുറയില്പ്പെട്ട കുട്ടികൾക്ക്. പത്ത് പതിനെട്ട് വയസായ കുട്ടി ഇതുകാണുമ്പോൾ അവന് ഭയങ്കര സംശയങ്ങൾ ഉണ്ടാകും. അയ്യോ ഗുജറാത്തിൽ ഇത്രയും സംഭവങ്ങൾ നടന്നോ, ഇതെങ്ങനെ സംഭവിച്ചു. കുഞ്ഞ് ഇതിനു പിന്നിലുള്ള ചരിത്രം പഠിക്കണമെന്നുണ്ടാകില്ല. സ്വാഭാവികമായും അവന്റെ ഉള്ളിൽ ഒരു അമർഷം വരും.
സിനിമയെന്നു പറയുന്നത് സ്വാധീനിക്കുന്ന മേഖലയാണ്. നമ്മുടെ രാജ്യത്തിനെ മനഃപൂർവം ചരിത്രത്തെ വളച്ചൊടിച്ചു പറയുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വിഷമം ഉണ്ടാകും. ജാതിയും മതവും നോക്കാതെ അമ്മമാർ അടക്കം പ്രതികരിച്ചത് നമ്മുടെ രാജ്യത്തെ ബോധപൂർവം തകർക്കാൻ നോക്കിയപ്പോഴാണ്.
സിനിമയിലൂടെ വലിയ നികുതി കിട്ടുന്നതാണ്, എല്ലാമൊന്നും ഒളിപ്പിച്ചു കാണിക്കാൻ സാധിക്കില്ല. വൾഗർ ആയ രംഗങ്ങള് ഉണ്ടാകാം. ഒരു സോഷ്യൽവർക്കർ ആയ എനിക്കു തന്നെ സിനിമയിൽ നമുക്ക് ചേരാത്ത വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. ആർട്ടിസ്റ്റ് എന്ന നിലയിൽ അത് നമ്മുടെ കടമയാണ്. പക്ഷേ നമ്മൾ യഥാർഥത്തിൽ അങ്ങനെയാണോ അങ്ങനെയല്ല.
അത് ജനങ്ങളെ ബോധവത്കരിക്കുക എന്നത് വലിയ വിഷയം തന്നെയാണ്. ഈ സിനിമയിലൂടെ സമൂഹത്തിൽ വലിയൊരു നെഗറ്റീവ് ഇംപാക്ട് വന്നിട്ടുണ്ട്. ഇതിനകത്തു തന്നെ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല. അവൻ പോകുന്നത് ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. എന്താണ് അതുകൊണ്ട് അർഥമാക്കുന്നത്.
ഇതിനെയൊക്കെ ഇതുപോലെ ഗ്ലോറിഫൈ ചെയ്യുമ്പോൾ പുതുതലമുറയും ഇങ്ങനെ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. സിനിമയെ മഹത്വവത്കരിച്ച് കാണിക്കാൻ പറ്റില്ലെങ്കിലും ചരിത്രത്തെ തൊട്ടുകളിക്കുമ്പോൾ ആ സിനിമയ്ക്കൊരു നയം ഉണ്ടാകണം.
അല്ലെങ്കിൽ ഇതുപോലെ കുഴപ്പങ്ങളുണ്ടാകും. കുഴപ്പങ്ങളുണ്ടായതുകൊണ്ടാണല്ലോ 24 ഭാഗത്ത് വെട്ടാൻ തയാറയത്. പ്രധാന വില്ലന്റെ പേരുമാറ്റി, എൻഐഎ ബോർഡ് നീക്കി അതുപോലെ ഒരുപാട് കാര്യങ്ങൾ. ഇതുകൂടാതെ നമ്മെ വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്.
ഗർഭിണിയായ സ്ത്രീയെ വീണ്ടും റേപ്പ് ചെയ്യുന്ന സീൻ വളരെ ക്രൂരമായി കാണിക്കുന്നു. അതൊക്കെ പല സിനിമകളിലും ഇതിനു മുമ്പും വന്നിട്ടുണ്ട്. പക്ഷേ അത് ഈ ചരിത്രത്തെ വച്ച് അളക്കുമ്പോൾ പലരുടെയും മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകും. കുഞ്ഞുങ്ങളെയും അമ്മമാരെയും ജാതിതിരിച്ച് കൊല്ലുന്നതൊക്കെ വലിയ വിവാദങ്ങൾക്കിടയാക്കും. എല്ലാ ക്രിമിനിൽ വില്ലന്റെ പേരും ഹിന്ദുക്കളാണ്. സിനിമ ചെയ്തിരിക്കുന്നതും ഹൈന്ദവരാണ്. ജാതി പ്രശ്നത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.
മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും. നമ്മുടെ അച്ഛനെയും അമ്മയെയും വിറ്റുവരെ ചിലർ ജീവിക്കും, അച്ഛനും അമ്മയ്ക്കും നാണക്കേട് ഉണ്ടാക്കിയും ജീവിക്കും.
അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കി ജീവിക്കുന്ന മക്കളുമുണ്ട്. അതിന് അന്തസുണ്ട്. നമുക്ക് എങ്ങനെ വേണമെങ്കിലും പണമുണ്ടാക്കാം.’’സോണിയ മൽഹാറിന്റെ വാക്കുകൾ ഇങ്ങനെ.