കഴിഞ്ഞമാസത്തെ കണക്കുകൾ പുറത്തുവിടാനുള്ളത് കൊണ്ട് നേരത്തെ പോകണം; സുരേഷ്കുമാറിനെ ട്രോളി ലിസ്റ്റിൻ സ്റ്റീഫൻ
Thursday, April 3, 2025 10:22 AM IST
സുഹൃത്തുക്കളായ നിർമാതാക്കളെ ട്രോളി ലിസ്റ്റിൻ സ്റ്റീഫൻ. പുതിയ ചിത്രമായ ബേബി ഗേളിന്റെ പൂജ ചടങ്ങിനെത്തിയ സുരേഷ് കുമാർ അടക്കമുള്ളവരെ ട്രോളിയാണ് ലിസ്റ്റിൻ പ്രസംഗം തുടങ്ങിയത്.
കഴിഞ്ഞ മാസത്തെ മലയാള സിനിമകളുടെ കണക്ക് പുറത്തുവിടാനുള്ളതുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിഷേയൻ സെക്രട്ടറിക്കു വേഗം പോകണമെന്നാണ് തമാശരൂപേണ ലിസ്റ്റിൻ പറഞ്ഞത്.
‘ഗരുഡനു’ ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബേബി ഗേള്’. സിനിമയുടെ പൂജ ചടങ്ങിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളായ ബി. രാകേഷ്, സുരേഷ് കുമാർ അടക്കമുള്ളവർ അതിഥികളായി എത്തിയിരുന്നു.
‘‘നല്ല ചൂടുണ്ട്. പരിപാടി എത്രയും പെട്ടന്ന് നിർത്താം. കഴിഞ്ഞ മാസത്തെ സിനിമയുടെ കണക്കുകൾ പുറത്തുവിടാനുള്ളതുകൊണ്ട് വേഗം പോകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.
അതുപോലെ തന്നെ ‘എമ്പുരാൻ’ നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയ്ക്കൊരു വിവാദമുണ്ടാക്കണമെന്നു പറഞ്ഞ് സുരേഷ് കുമാർ സാറും നൂറേ നൂറിൽ നിൽക്കുകയാണ്. ഈ രണ്ടുപേരുടെയും അഭ്യർഥന മാനിച്ച് ഈ പരിപാടി ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്.
ചടങ്ങ് കുറച്ച് കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നുണ്ട്. പക്ഷേ ഇൻഡസ്ട്രിയലെ ഏറ്റവും വലിയ ആളുകൾ ഇങ്ങനെ പറയുമ്പോൾ ഇനിയും മുമ്പോട്ടുകൊണ്ടു പോകാൻ പറ്റത്തില്ല.’’ലിസ്റ്റിൻ പറഞ്ഞു.
‘ട്രാഫിക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബി–സഞ്ജയ്യിലെ സഞ്ജയ് ആണ് മാജിക് ഫ്രെയിംസ് എന്ന കമ്പനിയുടെ ടൈറ്റിൽ എനിക്കു സമ്മാനിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സിനിമയിലൂടെ ഇങ്ങനെ മുന്നോട്ടുപോകുമ്പോൾ ആ ടൈറ്റിലിനും വലിയ പ്രാധാന്യമുണ്ടെന്ന് ഓരോ സിനിമയും ഓർമപ്പെടുത്തുന്നു. എന്നെ സംബന്ധിച്ച് മാജിക്കുകളാണ് ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
‘ട്രാഫിക്കി’ല് തുടങ്ങി ബേബി ഗേളിൽ എത്തി നിൽക്കുമ്പോൾ ഒരു തിരക്കഥാകൃത്തിന്റെ കഥയിലെ ഒരംശംപോലും കേൾക്കാതെ സിനിമയ്ക്ക് ഓക്കെ പറയുന്ന മലയാളത്തിലെ ഒരേയൊരു എഴുത്തുകാരനെ ഒളളൂ അത് ബോബി–സഞ്ജയ് ആണ്.
കഥ നല്ലതോ ചീത്തയോ എന്തുമാകട്ടെ, എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കിലെ വളരെ പ്രധാനപ്പെട്ട ആളാണ് സഞ്ജയ്. സഞ്ജയ്ക്കൊപ്പം വീണ്ടും പ്രവർത്തിക്കാനാകുന്നതിന്റെ സന്തോഷമുണ്ട്.’’
2023ൽ സൂപ്പർഹിറ്റായി നമുക്ക് വളരെയധികം ലാഭം തന്ന സിനിമയാണ് ഗരുഡൻ. അതേ സംവിധായകനൊപ്പം വീണ്ടും യാത്ര ചെയ്യുന്നതിന്റെ സന്തോഷവുമുണ്ട്.’’ലിസ്റ്റിൻ പറയുന്നു.