എമ്പുരാൻ ക്രൈസ്തവ വിരുദ്ധ സിനിമ; ഞാനുമൊരു ക്രിസ്ത്യാനി, അപമാനിക്കരുത്: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
Thursday, April 3, 2025 9:42 AM IST
എന്പുരാൻ സിനിമാവിഷയത്തിൽ രാജ്യസഭയിൽ വാക്കുതർക്കം. സിനിമ ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിൽ ആരോപിച്ചു.
കെസിബിസി, സിബിസിഐ തുടങ്ങിയ സംഘടനകളും രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും സിനിമയെ എതിർക്കുന്നു. താനൊരു ക്രിസ്ത്യാനിയാണെന്നും കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരെ അപമാനിക്കണമെന്ന ലക്ഷ്യമാണുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പുറത്തിറക്കിയ ചിത്രം ഭീഷണി മൂലം വീണ്ടും റീ എഡിറ്റ് ചെയ്യേണ്ടിവന്നുവെന്നും ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്നും ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപി സഭയിൽ വിഷയമുയർത്തിയതിനു പിന്നാലെയായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം.
ചിത്രത്തിലെ നായകൻ രാജ്യവിരുദ്ധനാണെന്ന പ്രചാരണം നടക്കുന്നുവെന്നും ഇതുപോലുള്ള ആക്രമണങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ സഭയുടെ ഇടപെടൽ ഉണ്ടാകണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
എന്പുരാൻ സിനിമയ്ക്കും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരേ ആർഎസ്എസും മുഖപത്രമായ ഓർഗനൈസറും നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്ന് ജെബി മേത്തർ എംപിയും രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.