ആലപ്പുഴ ജിംഖാനയിൽ നസ്ലിന്റെ നായികമാരിൽ ഒരാൾ നിഷാന്ത് സാഗറിന്റെ മകൾ നന്ദ
Thursday, April 3, 2025 9:07 AM IST
നസ്ലിൻ നായകനായെത്തുന്ന ഖാലിദ് റഹ്മാൻ സിനിമയിലൂടെ മറ്റൊരു താരപുത്രി കൂടി പിറവിയെടുക്കുന്നു. മലയാളികളുടെ പ്രിയതാരം നിഷാന്ത് സാഗറിന്റെ മകൾ നന്ദ നിഷാന്ത് ആണ് ചിത്രത്തിൽ നസ്ലിന്റെ നായികയായെത്തുന്നത്.
അച്ഛന്റെ സിനിമകളൊന്നും അങ്ങനെ കാണാറുണ്ടായിരുന്നില്ല എന്നതാണ് സത്യം. സിനിമയെ ഭയങ്കരമായി പിന്തുടരുന്ന ആളുമല്ല. ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ് അറിയാതെ വിഷ്വൽ കമ്യുണിക്കേഷനിൽ വന്നുപെട്ടു. അതൊരു ഫിലിം റിലേറ്റഡ് കോഴ്സ് ആണ്.

അങ്ങനെ ഡ്രിഗ്രിക്കാണ് കൂടുതൽ സിനിമയെക്കുറിച്ച് പഠിക്കുന്നത്. സിനിമയുടെ ടെക്നിക്കൽ സൈഡ് അതുകൊണ്ട് കൂടുതൽ അറിയാൻ പറ്റി. സിനിമയിൽ അഭിനയിക്കുന്നതിൽ അച്ഛന് വലിയ സന്തോഷമുണ്ട്. ഓഡിഷനിലൂടെയാണ് ഈ ചിത്രത്തില് തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്നിൽ നിന്നും ഞാനായി തന്നെ മുന്നോട്ടു വന്നതുകൊണ്ട് അച്ഛന്റെ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല.
ഈ സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ അതിലും മികച്ച അരങ്ങേറ്റം ഇല്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഖാലിദ് റഹ്മാന് സിനിമയിലൂടെ സിനിമയിലെത്തുക എന്നത് വലിയ ഭാഗ്യം തന്നെയാണ്.’’നന്ദ നിഷാന്ത് പറയുന്നു.

നായകനായും സ്വഭാവനടനായും പ്രതിനായകനായും 50ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് നിഷാന്ത് സാഗർ. ഏഴുനിലപ്പന്തൽ (1997) എന്ന ചിത്രത്തിലൂടെയായിരുന്നു നിഷാന്ത് സാഗറിന്റെ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് നിഷാന്ത് സാഗർ ഏറെ ശ്രദ്ധ നേടിയത്.

2008ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിലും നിഷാന്ത് സാഗർ അഭിനയിച്ചിരുന്നു. തിളക്കം, ഫാന്റം, പുലിവാൽ കല്യാണം, രസികൻ, തിരക്കഥ, സ്വ ലേ, കാര്യസ്ഥൻ,അണ്ടർ വേൾഡ്, വൺ, ചതുരം, ആർഡിഎക്സ്, ടർബോ, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ നിഷാന്ത് സാഗർ വേഷമിട്ടിട്ടുണ്ട്.
ആലപ്പുഴ ജിംഖാന നിർമിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.