കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണിയാണ് എമ്പുരാനെ വീണ്ടും എഡിറ്റിംഗ് ടേബിളിലെത്തിച്ചത്;; സന്ദീപ് വാര്യർ
Tuesday, April 1, 2025 2:54 PM IST
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണി കൊണ്ട് മാത്രമാണ് എമ്പുരാന് വീണ്ടും എഡിറ്റിംഗ് ടേബിളിൽ കയറേണ്ടി വന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാരിയർ.
മോഹൻലാലിനെ പോലെ ഒരു നടന്റെ സിനിമ വീണ്ടും എഡിറ്റ് ചെയ്ത് കേരളത്തിൽ പ്രദർശിപ്പിക്കേണ്ടി വരുന്നത് മലയാളത്തിന് അപമാനകരമാണെന്നും സന്ദീപ് അഭിപ്രായപ്പെട്ടു.
സന്ദീപ് ജി. വാരിയരുടെ വാക്കുകൾ
എമ്പുരാന്റെ തിരക്കഥാകൃത്തിനെയും നിർമാതാക്കളെയും നടനെയും ഒക്കെ മാറ്റിനിർത്തി പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല എന്ന് ആദ്യമായി പറയട്ടെ. ആ സിനിമ പൂർണമായും ഒരു കച്ചവട സിനിമയാണ്.
നേരത്തെ വന്ന ‘ലൂസിഫർ’ സിനിമയുടെ രണ്ടാം ഭാഗം. സ്വാഭാവികമായിട്ടും രണ്ടാം ഭാഗം എഴുതുമ്പോൾ ഒന്നാം ഭാഗത്തോട് നീതിപുലർത്തുക എന്ന വലിയ ബുദ്ധിമുട്ട് തിരക്കഥാകൃത്തും സംവിധായകനും ഒക്കെ നേരിട്ടിട്ടുണ്ടാകും.
ഒന്നാം ഭാഗം കേരള രാഷ്ട്രീയവും ആ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന വലിയ അധോലോക ബന്ധങ്ങളുള്ള ഒരു വലിയ നായകനും. ‘പ്രജ’യ്ക്ക് ‘ഉസ്താദി’ൽ ഉണ്ടായ ന്യൂജൻ കുട്ടിയെ പോലെയാണ് ‘ലൂസിഫറി’നെ എനിക്ക് തോന്നിയത്. നമ്മൾ നേരത്തെ കണ്ട നിരവധി മലയാള സൂപ്പർ ഹിറ്റ് സിനിമകളുടെ ഒരു പുതുതലമുറ പതിപ്പ് ആയിരുന്നു ‘ലൂസിഫർ’.
രണ്ടാം സിനിമ എഴുതുമ്പോൾ തിരക്കഥാകൃത്തിൽ സ്വാഭാവികമായും വന്ന ചിന്തകൾ എന്തൊക്കെയായിരിക്കും? ഒന്ന് ലൂസിഫറിന്റെ വലിയ വിജയം നൽകുന്ന സമ്മർദ്ദം. അതിനേക്കാൾ വലിയ ക്യാൻവാസിൽ കൂടുതൽ വലിയ കാര്യങ്ങൾ പറയണം. രണ്ട് നിലവിലെ കേരള രാഷ്ട്രീയം കഥയിൽ ഉണ്ടാകണം.
നിലവിലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ സ്വാഭാവികമായും അതിൽ ബിജെപിയുടെ കടന്നുവരവ്, കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ എന്നിവ ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയ്ക്ക് സാധ്യതയുള്ള പോയിന്റുകളാണ്.
പൃഥ്വിരാജിനെ പോലെ ഒരു സംവിധായകൻ സിനിമയുടെ ദൃശ്യ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ഇന്നുവരെ മലയാള സിനിമ കാണാത്ത ടെറൈനുകളിൽ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടാകാം. സ്വാഭാവികമായും കഥ സംബന്ധിച്ച ചർച്ചകളിൽ ഒരൽപം രാഷ്ട്രീയ ബോധമുള്ള ഏതൊരാളുടെ മനസിലും ഗുജറാത്ത് ഒക്കെ കടന്നുവരാം.
സയീദ് മസൂദ് എന്ന 13 വയസ്സുള്ള ബാലൻ തന്റെ കുടുംബത്തെ ഒന്നാകെ കൊന്നുകളയുന്ന ബജ്രംഗി എന്ന വർഗീയവാദിയെ മാത്രമാണ് ഓർക്കുന്നത്. അവൻ മറ്റൊരു സംഭവങ്ങളും കണ്ടിട്ടില്ല. സ്വാഭാവികമായിട്ടും സിനിമയിൽ സയീദ് മസൂദ് എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ വികാരവിചാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
തന്റെ കുടുംബം നഷ്ടപ്പെട്ടത് മാത്രമാണ് സയീദ് മസൂദിന്റെ പ്രശ്നം. അതിനു മുൻപോ ശേഷമോ ഗുജറാത്തിൽ നടന്നതൊന്നും ആ ബാലന്റെ പരിഗണന വിഷയമാകേണ്ടതില്ല. പിന്നെ സിനിമയിൽ എന്തിന് മറ്റ് സംഭവങ്ങൾ കാണിക്കണം?
അങ്ങനെ കാണിക്കാൻ നിന്നാൽ സിനിമയുടെ നീളം എത്ര കൂടും ? ആ കാര്യങ്ങൾക്കൊന്നും ഈ സിനിമയിൽ പ്രസക്തി ഇല്ലല്ലോ. പിന്നീട് ഇത്തരം പുലിവാലുകൾ ഒക്കെ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്വാഭാവികമായും എന്തെങ്കിലുമൊക്കെ മുൻകരുതൽ അവർ സ്വീകരിച്ചേനെ.
എമ്പുരാൻ ഒട്ടും ലോജിക്കില്ലാത്ത, അൺ റിയലിസ്റ്റിക് ആയ ഒരു കമേഴ്സ്യൽ മൂവി മാത്രമാണ്. അതിനെ അങ്ങനെ സമീപിക്കുന്നതിനു പകരം ഡോക്യുമെന്ററി ആണെന്ന് മട്ടിൽ സമീപിക്കുന്നതാണ് പ്രശ്നം.
‘ഏകലവ്യൻ’ മുതൽ മലയാളത്തിൽ എത്രയോ സിനിമകൾ രാഷ്ട്രീയപാർട്ടികളെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയുമൊക്കെ പ്രതിനായക സ്ഥാനത്ത് നിർത്തി വന്നിരിക്കുന്നു.
ലീഡർ കെ. കരുണാകരനെയും പിണറായി വിജയനെയും വി.എസ്. അച്യുതാനന്ദനെയും വെള്ളാപ്പള്ളി നടേശനേയും ഒക്കെ പ്രതിനായക സ്ഥാനത്ത് നിർത്തി സിനിമകൾ ഉണ്ടായിരിക്കുന്നു. ബിഷപ്പുമാരെയും മാധ്യമപ്രവർത്തകരെയും പ്രതിനായക സ്ഥാനത്ത് നിർത്തിയിട്ടില്ലേ?
എന്നാൽ ഇത്രത്തോളം ഒരു സിനിമയ്ക്ക് നേരെ അസഹിഷ്ണുതാപരമായ നിലപാട് മറ്റൊരിക്കൽ പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. ഇത്രത്തോളം ഭീഷണി ഒരു നിർമാതാവും അനുഭവിച്ചിട്ടുണ്ടാകില്ല.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണി കൊണ്ട് മാത്രമാണ് ആ സിനിമയ്ക്ക് വീണ്ടും എഡിറ്റിംഗ് ടേബിളിൽ കയറേണ്ടി വന്നത്. മോഹൻലാലിനെ പോലെ ഒരു നടന്റെ സിനിമ വീണ്ടും എഡിറ്റ് ചെയ്ത് കേരളത്തിൽ പ്രദർശിപ്പിക്കേണ്ടി വരുന്നത് മലയാളത്തിന് അപമാനകരമാണ്. മുഴുവൻ മലയാളികൾക്കും അപമാനകരമാണ് .
പൃഥ്വിരാജ് സുകുമാരൻ. ഇത്രയും ആക്രമിച്ചു കഴിഞ്ഞില്ലേ.. ഇനി അയാളെ വെറുതെ വിടാം. ഒരിക്കൽ ആ മനുഷ്യനെതിരെ ഞാനും പറഞ്ഞിരുന്നതാണ്. പക്ഷേ വാസ്തവമറിഞ്ഞപ്പോൾ ദുഃഖം തോന്നുന്നു. നല്ല നടൻ മാത്രമല്ല മികച്ച ടെക്നീഷ്യനുമാണ് പൃഥ്വിരാജ്. അയാളിൽ നിന്ന് ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ. വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ.