ഞാനും സെൻസർ ബോർഡിലുണ്ടായിരുന്നതാണ്, എമ്പുരാനിൽ വീഴ്ച സംഭവിച്ചോ? എം.ബി. പത്മകുമാർ പറയുന്നു
Tuesday, April 1, 2025 9:25 AM IST
എമ്പുരാൻ സിനിമയിൽ സെൻസർ ബോർഡ് അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ സെൻസർ ബോർഡ് അംഗവും സംവിധായകനുമായ എം.ബി. പത്മകുമാർ.
സെൻസർ ബോർഡ് അംഗങ്ങളെ ഈ വിഷയത്തിൽ കുറ്റം പറയാൻ പറ്റില്ലെന്നും സെൻസറിംഗിൽ അൽപം കൂടി ഗൗരവം പുലർത്താൻ ഏവരും ശ്രദ്ധിക്കണമെന്നും പത്മകുമാർ പറയുന്നു.
പ്രദർശനാനുമതി കൊടുത്ത ഒരു സിനിമ തിയറ്ററിൽ എത്തിയപ്പോൾ ജനങ്ങൾ പറയുന്നു ദേശവിരുദ്ധ സിനിമയാണ് ഇത് പ്രദർശിപ്പിക്കാൻ പാടില്ലെന്ന്. അത് മനസിലാക്കിയ നിർമാതാക്കൾ സ്വമേധയാ സെൻസർ ബോർഡിനെ സമീപിച്ച് ഇന്ന ഭാഗങ്ങൾ വെട്ടി മാറ്റൂ എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തുന്നു. സെൻസർ ബോർഡ് മുംബൈ മെംബേഴ്സിന് എന്താ ഇത്ര വിവരമില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്.
എന്നെയും പലരും വിളിച്ചു ചോദിച്ചു, ഞാനും സെൻസർ ബോർഡ് മെംബർ ആയിരുന്നു കഴിഞ്ഞ മാസം വരെ. സെൻസർ ബോർഡ് മെംബർ ആയിരിക്കുന്ന സമയത്ത് നമുക്കൊരു അഭിപ്രായം പറയാനുള്ള അധികാരം ഇല്ല.
‘മാർക്കോ’ പോലുള്ള പല സിനിമകള്ക്കും സെൻസർ അനുമതി കിട്ടി സമൂഹത്തിൽ എത്തിയ ശേഷം വളരെയധികം പ്രശ്നം ഉണ്ടായപ്പോഴും എല്ലാവരും വിരൽ ചൂണ്ടുന്നത് സെൻസർ ബോർഡിനെതിരെയാണ്.
സത്യത്തിൽ സെൻസർ ബോർഡ് മെംബേഴ്സിന് ഇതിൽ കുറ്റം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഒരു സിനിമ സെൻസറിങ്ങിനായി വരുമ്പോൾ സെൻസർ ബോർഡ് റീജിയണൽ ഓഫിസർ ഉൾപ്പെടെ അഞ്ചു പേരാണ് സെൻസർ ബോർഡിൽ ഉണ്ടായിരിക്കേണ്ടത്.
അതിൽ രണ്ട് സ്ത്രീകൾ നിർബന്ധമായിട്ടും ഉണ്ടായിരിക്കണം. സെൻസർ ഓഫിസർ സ്ത്രീ ആണെങ്കിൽ ഓഫിസർ ഉൾപ്പെടെ രണ്ട് സ്ത്രീകളും ബാക്കി മൂന്ന് പുരുഷന്മാരെയും വച്ച് ഒരു സിനിമ സെൻസറിങ് നടത്താം. അഞ്ചു പേരുള്ള ഒരു കമ്മിറ്റിയാണ് സെൻസറിംഗ് നടത്തുന്നത്. ഈ അഞ്ചു പേര് ആരൊക്കെ ആയിരിക്കണം എന്നുള്ളത് തീരുമാനിക്കാൻ ഉള്ള അധികാരം സെൻസർ ബോർഡ് റീജിയണൽ ഓഫിസർക്കാണ്.
എന്നെ പലപ്പോഴും വിളിച്ചിട്ടുള്ളത് ചെറിയ സിനിമകൾക്കാണ്. വളരെ അപൂർവമായേ കമേഴ്സ്യൽ സിനിമയ്ക്ക് വിളിച്ചിട്ടുള്ളൂ. കാരണം സിനിമയെ വളരെ നിശിതമായി വിമർശിക്കുകയും, അഭിപ്രായം പറയുന്നതും കൊണ്ടായിരിക്കാം.
ഒരു സിനിമ സെൻസറിങ്ങിനായി തുടങ്ങുന്ന സമയത്ത് നമുക്കൊരു പേപ്പർ തരും, ഈ പേപ്പറിൽ നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വയ്ക്കാം. മുഴുവൻ സിനിമയും കണ്ടു കഴിഞ്ഞ ശേഷം സ്ക്രീനിന് മുമ്പിൽ വച്ചിരിക്കുന്ന മേശക്കരിക്കിൽ പോയി ചർച്ച തുടങ്ങും
സെൻസർ ഓഫിസർ അവിടെ ഉണ്ടാകും. അദ്ദേഹത്തിന്റെ മുമ്പിൽ നമ്മൾ എഴുതിയ അഭിപ്രായങ്ങൾ പറയാം. അതെല്ലാം കൂടെ ചർച്ചയ്ക്ക് വയ്ക്കും. പലരും പല അഭിപ്രായങ്ങൾ പറയും. അഭിപ്രായങ്ങൾ പറഞ്ഞ ശേഷം ഒരു സമന്വയത്തിൽ എത്തിക്കഴിയുമ്പോൾ സെൻസർ ഓഫിസർ പറയും, ഇതാണ് ശരി, ഇന്ന സർട്ടിഫിക്കറ്റ് ഈ സിനിമയ്ക്കു കൊടുക്കാം, ഇന്ന ഭാഗങ്ങളൊക്കെ വെട്ടിമുറിക്കണം എന്നൊക്കെ.
ഞാൻ ചില സിനിമകളെ വളരെ ശക്തമായിട്ട് എതിർത്തിട്ടുണ്ട്. പക്ഷേ നമുക്ക് അഞ്ചു പേരിൽ മെജോറിറ്റി ഇല്ലെന്നുണ്ടെങ്കിൽ നമ്മുടെ അഭിപ്രായം തള്ളി പോകുന്ന പല സാഹചര്യങ്ങളും ഉണ്ടാകും.
അപ്പോഴൊക്കെ സിസ്റ്റത്തെ ബഹുമാനിച്ച് നമ്മൾ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളത്. ഒരു നഗ്ന പ്രദർശന ഭാഗങ്ങൾ വെട്ടിമുറിക്കാൻ കാണിക്കുന്ന വ്യഗ്രത ഈ പറയുന്ന ‘ലൂസിഫർ’ പോലുള്ള സിനിമകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്ടിനെ മനസ്സിലാക്കി വെട്ടിമുറിക്കാനുള്ള വ്യഗ്രത പലപ്പോഴും ഇവർ കാണിക്കാതെ പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതൊന്നും ബോധപൂർവം ഏതെങ്കിലും വിഭാഗത്തെ തൃപ്തിപ്പെടുത്താൻ ഒന്നുമല്ലെന്നും എനിക്കു തോന്നിയിട്ടുണ്ട്.
സെൻസർ ബോർഡ് മെംബർ ആയി വരുന്ന സമയത്ത് ഓറിയന്റേഷൻ, പ്രോഗ്രാമിൽ പറയാറുണ്ട് എന്തൊക്കെ സംഭവിച്ചാലും സിനിമ എന്ന് പറയുന്നത് ആർട്ടാണ്, ഈ ആർട്ടിനെ മനസ്സിലാക്കി കത്രിക വെക്കാൻ ശ്രമിക്കണമെന്ന്. പക്ഷേ ഒരു സിനിമയെ അനലൈസ് ചെയ്യാനുള്ള ഒരു തലച്ചോറ് നമ്മൾ പലപ്പോഴും കാണിക്കണം.
ആർട്ടിൽ എന്തും പറയാനുള്ള ഒരു അധികാരം നമുക്കില്ല. നമ്മൾ പറയുന്ന ആർട് സ്വാധീനിക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളെയാണ്. അതുകൊണ്ട് ആ ഒരു സിനിമയുടെ ഇന്ന കണ്ടന്റ് പുറത്തേക്ക് ഇറങ്ങിയാൽ അത് സമൂഹത്തിൽ എങ്ങനെ ഇമ്പാക്ട് ഉണ്ടാക്കും അത് എങ്ങനെയാണ് അടുത്ത തലമുറയെ മോശമായി ബാധിക്കുന്നത്, അല്ലെങ്കിൽ ദേശത്തെ മോശമായി ബാധിക്കുന്നതെന്ന് അനലൈസ് ചെയ്യാനുള്ള ഒരു തലച്ചോറ് ഓരോ മെംബേഴ്സിനും ഉണ്ടായിരിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിന്റെ ഒരു പോരായ്മ പല സമയത്തും ഫീൽ ചെയ്തിട്ടുണ്ട്.
ഒരു സെൻസർ ബോർഡ് മെംബറെ തിരഞ്ഞെടുക്കുന്ന സമയത്ത് എന്താണ് ക്രൈറ്റീരിയ എന്നും പോലും എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. കാരണം ഇത് വലിയൊരു ജോലി ആണ്. നമ്മുടെ മുമ്പിലേക്ക് ഒരു കൂട്ടം ആൾക്കാരുടെ ചിന്ത ഒരു സിനിമയായി വന്ന്, ആ സിനിമ നാളെ സമൂഹത്തിലേക്ക് അവതരിപ്പിക്കുന്നതിനു മുമ്പ് അതിനെ സ്ക്രീൻ ചെയ്യാൻ അധികാരപ്പെടുത്തുന്നവരാണ്.
അപ്പൊ അതുകൊണ്ട് വളരെ ഗൗരവത്തോടെ തങ്ങളുടെ ജോലിയെ കാണേണ്ട ആളുകളാണ് സെൻസർ ബോർഡിൽ ഇരിക്കേണ്ടതും സെൻസർ ബോർഡിൽ വരേണ്ടതും തിരഞ്ഞെടുക്കേണ്ടതും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു സിനിമ നമ്മൾ കണ്ടു കഴിഞ്ഞ് നമ്മൾ നമ്മുടെ ഒരു അഭിപ്രായം പറഞ്ഞ് തർക്കിച്ച്, ഭൂരിഭാഗം ആളുകളുടെ അഭിപ്രായം സെൻസർ ഓഫിസർ എടുത്തു കഴിഞ്ഞ് അത് മനസിലാക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് സംസാരിക്കാനുള്ള അധികാരമില്ല. പിന്നെ സെൻസർ ഓഫിസർ ആണ് സംസാരിക്കേണ്ടത്.
പിന്നീട് പ്രൊഡ്യൂസറെയും അധികാരപ്പെട്ടവരെയും ചർച്ചയിലേക്ക് വിളിക്കും. പിന്നെ സെൻസർ ബോർഡ് മെംബേഴ്സിന് സംസാരിക്കാനുള്ള അധികാരമില്ല. നമ്മൾ മിണ്ടാതിരുന്നോണം. അദ്ദേഹമാണ് ഈ പ്രൊഡ്യൂസേഴ്സിനോട് സംസാരിക്കുന്നത്.
എന്തായാലും ഈ സെൻസർ ബോർഡ് മെംബേഴ്സിനെ തിരഞ്ഞെടുക്കുന്നതിലും ആ തിരഞ്ഞെടുത്ത് വരുന്നവർ സിനിമ അനലൈസ് ചെയ്യുമ്പോൾ വരുന്ന വീഴ്ചയാണ് പല സിനിമകളെയും സൊസൈറ്റിയിലേക്ക് കടത്തിവിടുന്നത്. അല്ലാതെ
ഞാൻ രണ്ടു വർഷക്കാലം സെൻസർ ബോർഡിൽ പങ്കെടുത്ത സമയത്ത് എന്നോട് ഒരാളും ഒരു വിഭാഗത്തിന്റെ സിനിമകളുടെ സപ്പോർട്ട് ചെയ്യാനോ ഒരു വിഭാഗത്തിന്റെ സിനിമകൾ ഒഴിവാക്കാനോ പറഞ്ഞിട്ടില്ല. എന്റെ കൂടെ ഉള്ള മെംബേഴ്സിനോട് പറഞ്ഞതായിട്ടും എനിക്ക് ഓർമയില്ല.
കാരണം വളരെ സംശുദ്ധമായ ഒരു പ്രോസസ് ആണ് സെൻസർ ബോർഡിൽ നടക്കുന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പൊ പല മതവിഭാഗത്തെയും മോശമായി ചിത്രീകരിച്ച സിനിമകൾ എന്റെ മുമ്പിൽ കൂടെ വന്ന സമയത്ത് ഞാൻ അതിനെ വിമർശിച്ചിട്ടുണ്ട്. ഏത് മതവിഭാഗത്തെ ആയാലും അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
എന്തായാലും ഈ ‘എമ്പുരാനി’ൽ വന്ന വീഴ്ച സെൻസർ ബോർഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു മാനക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. അതിൽ സെൻസർ ബോർഡ് മെംബേഴ്സിനു നേരെ വിരൽ ചൂണ്ടാതെ നമ്മൾ അതിന്റെ പുറകിലുള്ള ഒരു പ്രോസസിനെ കുറിച്ച് ചിന്തിക്കണം.
സെൻസർ ബോർഡ് മെംബറെ തിരഞ്ഞെടുക്കുന്ന സമയത്ത് എന്താണ് മാനദണ്ഡം എന്നുള്ളത് നമ്മൾ ശക്തമായിട്ട് വിലയിരുത്തിയിട്ട് വേണം അവരെ തിരഞ്ഞെടുക്കാൻ. വേണ്ടിവന്നാൽ അവരെ ഇന്റർവ്യൂ നടത്തി, അവർക്ക് എത്രമാത്രം ഒരു സിനിമയെ വിശകലനം ചെയ്യാനുള്ള കഴിവ് ഉണ്ടെന്നുള്ള ഒരു തലം അനലൈസ് ചെയ്തിട്ട് മാത്രമേ അംഗങ്ങളെ തിരഞ്ഞെടുക്കാവൂ.
എന്തായാലും ഇത് വലിയൊരു പ്രശ്നം തന്നെയാണ്. വളരെ ഗൗരവത്തോടെ തന്നെ സെൻസറിംഗ് സംവിധാനത്തെ കാണേണ്ടത് ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. വെറുതെ ഓരോ മെംബേഴ്സിനെതിരെയും വിരൽ ചൂണ്ടാതെ അവരുടെ നിസഹായ അവസ്ഥ നമ്മൾ മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തായാലും ഇത് എന്നെ വല്ലാതെ മാനസികമായിട്ട് വിഷമിപ്പിച്ച ഒരു സംഭവം തന്നെയാണ്.
കാരണം അധികാരപ്പെടുത്തിയ ആളുകളുടെ മുമ്പിൽ കൂടെ ഒരു സിനിമ കടന്നുപോയി അവർ അത് മനസിലാക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി സമൂഹത്തിലെ ആളുകൾ അതിനു നേരെ വിരൽ ചൂണ്ടി വീണ്ടും അവിടേക്ക് ചെന്ന് മുറിച്ചു മാറ്റേണ്ട ഗതികേട് വളരെ ഗൗരവത്തോടെ തന്നെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റുള്ളവർ പ്രതീക്ഷിച്ചതു പോലെ തന്നെ ഞാനും ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ‘എമ്പുരാൻ’. അതുകൊണ്ട് തന്നെ ആദ്യദിവസം മൂന്നാമത്തെ ഷോയ്ക്ക് തന്നെ സിനിമ കണ്ടു.
ഒരു പാൻ വേൾഡ് സിനിമയാണ്, പൃഥ്വിരാജിന്റെ കുറെ വർഷത്തെ ഒരു കഠിനാധ്വാനം അതിന്റെ പുറകിലുണ്ട്, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു നിലപാട് ഉണ്ട്.. ഇതൊക്കെയാണ് എന്നെ തിയറ്ററിലേക്ക് വിളിച്ചത്.
ക്യൂ നിന്നാണ് സിനിമ കാണാൻ പോയത്. സിനിമയിലെ പല ഷോട്ടുകളും വളരെയധികം കണക്ട് ആയി. മോശമില്ലാതെ പോയ സിനിമയാണ് അത്. പിന്നെ എന്നെ വല്ലാതെ ഒരു വേദനിപ്പിച്ച കാര്യങ്ങളുണ്ട്. റിലീസിനു മുമ്പുള്ള ഒരു പ്രി പബ്ലിസിറ്റിയുടെ സമയത്തൊക്കെ സിനിമയെക്കുറിച്ച് ഒരുപാട് ഹൈപ്പുകൾ പറയുകയുണ്ടായി. എന്റെ വാക്കുകൾ കേട്ട് ആളുകൾ പൈസ മുടക്കി സിനിമ കാണാനെത്തുമ്പോൾ അതിനുണ്ടാകുന്ന സത്യസന്ധത എന്റെ ബാധ്യസ്ഥതയാണ്.
പണത്തിനു വേണ്ടി എന്തും ചെയ്യാവുന്ന രീതിയിലേക്ക് പറയുന്ന രീതിയോടു എനിക്ക് ഒട്ടും യോജിക്കാൻ പറ്റത്തില്ല. ഒരിക്കലും ഓവർ ഹൈപ്പ് കൊടുത്തിട്ട് തിയറ്ററിലേക്ക് ആളുകളെ വരുത്തുക, ആർട്ടിനെ ബിസിനസ് ആയി മാത്രം കാണുക എന്ന രീതിയോട് ഒട്ടും ഉൾക്കൊള്ളാൻ പറ്റില്ല. അതിഗംഭീരമായ സിനിമകൾ ഇറങ്ങിയ വളക്കൂറുള്ള ഒരു മണ്ണാണ് ഇതെന്ന് പറയുന്നത്. ഇപ്പോൾ നിൽക്കുന്ന പല സൂപ്പർസ്റ്റാറുകളും മോഹൻലാൽ സർ ആയാലും മമ്മൂട്ടി സാറായാലും മറ്റ് പല താരങ്ങളായാലും അവരുടെ വേരുകൾ ഉറപ്പിച്ച അതിശക്തമായ എഴുത്തുകളുടെ ഒരു വിളനിലമാണ് നമ്മുടെ ഭൂമി.
ലോഹി സാറും പത്മരാജൻ സാറും ഭരതൻ സാറും ഒക്കെ സിനിമ എടുത്തു വെച്ചിരിക്കുന്ന മണ്ണിൽ ചവിട്ടി നിന്നാണ് നമ്മൾ സിനിമ ചെയ്യുന്നത്. ‘സന്ദേശം’ പോലുള്ള അതിശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമകളൊക്കെ നമ്മുടെ മണ്ണിൽ ഇപ്പോഴും മായാതെ നിൽപ്പുണ്ട്.
ഇതിനെയൊക്കെ റഫർ ചെയ്തിട്ടാണ് നമ്മൾ നമ്മുടെ സിനിമ ചെയ്യേണ്ടത്. അതുകൊണ്ട് അത്തരത്തിൽ മാത്രം എനിക്ക് ആ സിനിമയുടെ ഒരു അണിയറ പ്രവർത്തകരോട് ഇത്തിരി സങ്കടം തോന്നിയിരുന്നു.
എന്തായാലും ഈ പറഞ്ഞപോലെ എമ്പുരാൻ അത്ര മോശം സിനിമയൊന്നുമല്ല. മൂന്നു മണിക്കൂർ നമ്മളെ അധികം ബോറടിപ്പിക്കാതെ ഇരുത്തുന്ന ഒരു സിനിമ തന്നെയാണ്. പിന്നെ അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഞാൻ പറയുന്നില്ല. കാരണം എനിക്ക് എന്റേതായ ഒരു പൊളിറ്റിക്സ് ഉണ്ട്.
അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയം ഉണ്ട്. അതിനെയൊക്കെ നമ്മൾ മാനിച്ചെ തീരു, എല്ലാവരും ഒരേ വഴിയിലൂടെ യാത്ര ചെയ്യണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമൊന്നുമല്ല. എല്ലാർക്കും അവരുടേതായ വിശ്വാസങ്ങളും തീരുമാനങ്ങളും ഒക്കെ ഉണ്ടല്ലോ. അതിനെ നമ്മൾ ബഹുമാനിച്ച് തന്നെയാണ് പോകുന്നത്.
എന്തായാലും എമ്പുരാൻ എന്നെ തിയറ്ററിലേക്ക് എത്തിച്ചത് അത് ലോക സിനിമയിലേക്ക് മലയാളത്തെ എത്തിക്കാൻ പോകുന്നു എന്നുള്ള ഒരു സൂചനയാണ്. അതിന്റെ തെളിവ് ആ സിനിമയിൽ എനിക്ക് ഫീൽ ചെയ്യാൻ പറ്റിയിട്ടില്ല. പൃഥ്വിരാന്റെ കഠിനാധ്വാനം നമുക്ക് ആ സിനിമയിൽ കണ്ടെത്താം. എല്ലാവർക്കും അവരുടേതായ പരിമിതി ഉണ്ടല്ലോ.
ഒരാൾ സംസാരിക്കുന്നത് അവരുടെ തലത്തിൽ നിന്നാണ് ,അതിനർത്ഥം അവരുടെ ബ്രെയിൻ പ്രോസസ്സ് ചെയ്യുന്ന ആ ഒരു ലെവലിൽ തന്നെയാണ്. മറ്റൊരാൾ അതിനും അപ്പുറത്തേക്ക് ചിന്തിക്കുന്നത് കൊണ്ട് അവരുടെ തലം അതാണ്, അതുകൊണ്ട് ഒരാളുടെ തലത്തിൽ നിന്ന് ഒരാൾ സംസാരിക്കുമ്പോൾ അവരെ മോശമാണെന്ന് പറയുന്നതിനോടുള്ള ബാലിശമായ രീതികൾ സോഷ്യൽ മീഡിയ നിർത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. ആർക്കും എന്തും വിളിച്ചു പറയാമല്ലോ.
ഒരു സിനിമ തിയറ്ററിന്റെ സ്ക്രീനിലേക്ക് ലൈറ്റ് അപ്പ് ചെയ്യുന്ന സമയത്ത് ഒരുപാട് പേരുടെ ജീവിതമാണ് അവിടെ ലൈറ്റ് അപ്പ് ആവുന്നത്. അതിന്റെ പുറകിൽ ലൈറ്റ് ബോയ് മുതൽ അതിന്റെ പ്രൊഡ്യൂസേഴ്സിന്റെ ഓഫിസിൽ വർക്ക് ചെയ്യുന്ന ആൾക്കാർ വരെ ഈ സിനിമയുടെ ഉപഭോക്താക്കളാണ്.
അതുകൊണ്ട് ആ ഒരു റെസ്പെക്ട് തീർച്ചയായിട്ടും മാനിക്കണം. അതുപോലെ ഫിലിം ചെയ്യുന്ന ആൾക്കാരും ഇത് മാനിക്കണം. നമ്മൾ എന്തും പറഞ്ഞ് തിയറ്ററിലേക്ക് ആൾക്കാരെ കയറ്റുന്നുണ്ടെങ്കിൽ അത് ഇനിയും വരുന്ന സത്യസന്ധമായി ഫിലിം ചെയ്യുന്ന ഫിലിം മേക്കേഴ്സിനെയാണ് മോശമായി ബാധിക്കുന്നത്.
പിന്നെ പ്രേക്ഷകർ ഒരു കാര്യം മനസിലാക്കണം, എവിടെയൊക്കെ അമിതമായി സംസാരം ഉണ്ടാകുന്നോ, അവിടെയൊക്കെ ആത്മവിശ്വാസത്തിന്റെ ശോഷണമാണെന്ന സത്യം കൂടി ഇനിയുള്ള ഈ ഇൻറർവ്യൂസുകളിൽ നിന്നും പ്രി മാർക്കറ്റിംഗിൽ നിന്നും നിങ്ങൾ മനസിലാക്കിയാൽ നമ്മുടെ പൈസ നമ്മുടെ കൈയിൽ ഇരിക്കും.
എന്തായാലും എമ്പുരാൻ എനിക്ക് അത്ര മോശമായ ഒരു സിനിമയായിട്ട് തോന്നിയില്ല. അത് എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധ്യതയുള്ള സിനിമയാണ്. അതിന്റെ പൊളിക്സ് മാറ്റി നിർത്താം, അത് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്.”