രവി എന്ന സംവിധായകന്റെ ഷോ; ഓന്തിനെപ്പോലും നാണിപ്പിക്കുന്ന നിറംമാറ്റം; മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ
Monday, March 31, 2025 4:04 PM IST
സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ. റിലീസ് ദിവസം ഫാൻസിനൊപ്പം സിനിമ കണ്ട് പുകഴ്ത്തി പറഞ്ഞ മേജർ രവി പിന്നീടെന്തുകൊണ്ട് അഭിപ്രായം മാറ്റി പറഞ്ഞുവെന്നാണ് ഫാൻസ് അസോസിയേഷൻ ചോദിക്കുന്നത്.
മോഹൻലാൽ എന്ന ഒരു വ്യക്തിക്ക് അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ അതു പറയുക തന്നെ ചെയ്യുമെന്നും മറ്റാരുടെയും ആവശ്യമില്ലെന്നും അസോസിയേഷൻ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
നമസ്കാരം, ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് ‘എമ്പുരാൻ’. ചിത്രം റിലീസ് ചെയ്തത് മുതൽ വിവാദങ്ങൾക്കും തിരി കൊളുത്തി. മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയിൽ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപ്പകൽ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികൾക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടന്റെ സിനിമകൾ എടുത്ത ‘രവി’ എന്ന സംവിധായകന്റെ ലൈവ് ഷോ വരുന്നത്.
‘എമ്പുരാൻ’ സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ചാനലിൽ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റേ ദിവസം സിനിമയെയും സംവിധായകനെയും വിമർശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മൾ മറക്കരുത്.
കൂടാതെ എല്ലാ ഭാഗത്തു നിന്നും പ്രഷറിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.
ഇയാളുടെ സ്വന്തം താൽപര്യം ലാലേട്ടന്റെ താൽപര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങൾ ഒന്ന് മനസിലാക്കുക, ലാലേട്ടൻ സുഹൃത്തുക്കളെ അത്രമേൽ സ്നേഹിക്കുന്നുണ്ട്, അതിനാൽ അവരാൽ അദ്ദേഹത്തിന്റെ ദേഹത്ത് തെറിക്കുന്ന ചെളികൾ അദ്ദേഹം കണ്ടില്ല എന്ന് വയ്ക്കാറാണ് പതിവ്.
നല്ല സൗഹൃദങ്ങൾ നമുക്ക് നന്മകൾ കൊണ്ടു വരും മറിച്ചായാൽ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളിൽ നമ്മളെ എത്തിക്കുക.മോഹൻലാൽ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ അതു പറയുക തന്നെ ചെയ്യും, അതിനു സിനിമയിൽ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ?
ഒരിക്കലുമില്ല എന്ന് തന്നെ പറയും. തലേന്നത്തെ ഒറ്റ ലൈവ് കൊണ്ടു കേരളം മൊത്തം ഉണ്ടായ പ്രതീതി എന്താണ് മോഹൻലാൽ മാപ്പ് പറയാൻ പോകുന്നു. ആ ഒറ്റ കാരണത്താൽ പിറ്റേന്നു വന്ന ഖേദ പ്രകടനം എല്ലായിടത്തും ഒരു മാപ്പ് അപേക്ഷ പോലെ നിഴലിച്ചു.
ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ. ആപത്തിൽ അല്ലെ, ഒറ്റപ്പെടുമ്പോൾ നമുക്ക് താങ്ങാവേണ്ടത് സൗഹൃദങ്ങൾ തന്നെ ആണ്, എന്നു വച്ച് ഒരിക്കലും വേലിയേൽ കിടക്കുന്ന പാമ്പ് ആകാൻ നിൽക്കരുത്. ആർക്കും ആരുടേയും കാര്യം മുൻകൂട്ടി വിളിച്ചു പറയാൻ ആരും അനുവാദം കൊടുത്തിട്ടുള്ളതായി ഞങ്ങൾ കരുതുന്നില്ല...
കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും സെൻസിറ്റീവ് കണ്ടന്റ് "മോഹൻലാൽ" തന്നെ ആണ് അത് സൂക്ഷമമായി ശ്രദ്ധയോട് കൈ കാര്യം ചെയ്യാൻ പറ്റിയില്ലേൽ ഞങ്ങൾ ആ സൗഹൃദത്തെയും സംശയിക്കും ചോദ്യം ചെയ്യും.
കാരണം ഇതിന് മുൻപും ഇതേ വ്യക്തിയിൽ നിന്നും ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ സമയത്ത് ലാലേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എല്ലാം ഈ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയും കഴിവും കൊണ്ട് ആണെന്ന് പറഞ്ഞു നടന്നു അവിടെയും ഇയാൾ സ്വയം ആളായി നിന്നു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം ചെയ്ത അദ്ദേഹത്തിന്റെ ജോലി അല്ലെങ്കിൽ സർവീസ് അത് അയാളുടെ മാത്രം ക്രെഡിറ്റ് ആക്കാൻ അയാൾ അന്നും ശ്രമിച്ചു. ഒരിക്കൽ കൂടി, ജനങ്ങൾ വിഡ്ഢികൾ അല്ലാത്തത് കൊണ്ട് അതൊന്നും വിശ്വസിച്ചില്ല.
ലാലേട്ടനെ പോലെ ഒരാൾ അദ്ദേഹത്തിന്റെ സിനിമകൾ റിലീസിന് മുൻപ് കാണില്ല, ഒന്നുമറിയാതെ പോയി അഭിനയിക്കുന്നു എന്നെല്ലാം അടിച്ച് വിട്ട് അവിടെയും സെൻസിറ്റീവ് കണ്ടന്റ് ഉണ്ടാക്കി ആളാകാൻ നോക്കുക ആണ് ഈ പ്രമുഖൻ.
വളരെ പണ്ട് ഇയാളുടെ രീതികൾ മനസിലാക്കും മുൻപ് അസോസിയേഷന് ഒരു വാഗ്ദാനം നൽകി, ഒരു സൽകർമം... ലാലേട്ടൻ പറഞ്ഞിട്ട് എന്ന് പറഞ്ഞു ഞങ്ങളെ അറിയിച്ച ആ കാര്യം വിശ്വസിച്ച ഞങ്ങൾ വളരെ വൈകിയാണ് അറിഞ്ഞത് അതും ഇയാൾ അപ്പോഴത്തെ ഒരു ഹീറോയിസത്തിന് വേണ്ടി വെറുതെ പറഞ്ഞത് ആണെന്നും ഇക്കാര്യം ലാലേട്ടൻ അറിഞ്ഞിട്ട് പോലും ഇല്ല എന്നും.
ദയവ് ചെയ്തു പ്രിയ മാധ്യമ സുഹൃത്തുക്കൾ ഒന്ന് മനസിലാക്കുക, ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്റെ സ്വരമായി കണക്കാക്കതിരിക്കുക...‘സിനിമയെ സിനിമ ആയി തന്നെ കാണാൻ ശ്രമിക്കുക.