എമ്പുരാന് വിവാദങ്ങളോട് പ്രതികരിക്കാതെ മുരളി ഗോപി; മോഹൻലാലിന്റെ പോസ്റ്റ് അവഗണിച്ച് മൗനം തുടരുന്നു
Monday, March 31, 2025 12:03 PM IST
എമ്പുരാന് വിവാദത്തില്‍ മൗനം തുടർന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ഖേദം പ്രകടിപ്പിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും മുരളി ഗോപി അതിന് തയാറായിട്ടില്ല.
സിനിമ വിവാദമായതിനേക്കുറിച്ചോ മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തല്ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി. മറ്റ് കാര്യങ്ങളിലൊന്നും അദ്ദേഹം ഇതുവരെ മനസ് തുറന്നിട്ടില്ല.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ പേരില്‍ നേരത്തേ ഇടതു സംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂലിയെന്നായിരുന്നു വിമര്‍ശനം.
അതേസമയം വിവാദ കൊടുങ്കാറ്റിനെ തുടർന്ന് എഡിറ്റ് ചെയ്ത എമ്പുരാന് സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തും. വൈകുന്നേരത്തോടെയാണ് റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം.
ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെൻസർ ബോര്‍ഡ് നിര്‍ദേശം നൽകിയിരുന്നു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്.
ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂലികൾ വ്യാപക പ്രചരണമാണ് നടത്തുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നായകൻ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.