മോഹൻലാൽ മാനസികവിഷമത്തിൽ, അദ്ദേഹം മാപ്പ് പറയും: വിവാദവിഷയത്തിൽ മേജർ രവി പറഞ്ഞതിങ്ങനെ
Monday, March 31, 2025 10:18 AM IST
റിലീസിന് മുൻപ് മോഹൻലാൽ എമ്പുരാൻ കണ്ടില്ലെന്ന് മേജർ രവി. മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും താൻ അറിയുന്ന അദ്ദേഹം മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു മേജർ രവിയുടെ പ്രതികരണം.
റിലീസിന് മുൻപ് അദ്ദേഹം കീർത്തിചക്ര കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്നു മേജർ രവി പറഞ്ഞു.
മോഹൻലാൽ മാപ്പ് എഴുതിവച്ചിട്ടുണ്ടെന്ന് തനിക്കറിയാം അത് അദ്ദേഹം താമസിയാതെ തന്നെ പോസ്റ്റ് ചെയ്യും. സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപിയോട് തനിക്ക് പറയാനുള്ളത് ചരിത്രം പറയുമ്പോൾ ആദ്യം മുതൽ പറയണം എന്നാണ്.
ഗോധ്രയിൽ നടന്ന സംഭവം ഒന്നും പറയാതെ ഗുജറാത്ത് കലാപം പറഞ്ഞതാണ് ഇപ്പോൾ ഉണ്ടായ വിവാദത്തിനു കാരണം. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ജനങ്ങളുടെ വികാരം മാനിക്കണമായിരുന്നു.
സൈനിക വേഷം ധരിച്ച് മോഹൻലാൽ മോശം കാര്യങ്ങൾ ചെയ്യുന്നതൊന്നും സിനിമയിൽ കാണിച്ചിട്ടില്ലെന്നും സിനിമയുടെ പേരിൽ മോഹൻലാലിന്റെ സൈനിക പദവി എടുത്തുകളയണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മേജർ രവി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറഞ്ഞു.
അതേസമയം വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നതായി വിവരമുണ്ട്. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.