മരണത്തെ മുഖാമുഖം കണ്ട നിമിഷം; ഭൂകമ്പത്തിന് സാക്ഷിയായി നടി പാർവതി
Saturday, March 29, 2025 3:20 PM IST
തായ്ലൻഡിലും മ്യാൻമറിലുമുണ്ടായ ഭൂകമ്പം നേരിട്ട് കണ്ടതിന്റെ ഞെട്ടലിൽ നടി പാർവതി ആർ.കൃഷ്ണ. ഭൂചലനം ഉണ്ടായപ്പോൾ താൻ അവിടെ ഉണ്ടായിരുന്നതായും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു കടന്നുപോയതെന്നും നടിയും അവതാരകയുമായ പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം പറഞ്ഞത്.
""ഇതെഴുതുമ്പോഴും ഞാൻ വിറക്കുകയാണ്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാൻ നേരിട്ടു സാക്ഷിയായി.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയിൽ ആയിരുന്നു.
ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നതുപോലെ എനിക്കു തോന്നി. അവരോട് സംസാരിച്ച ആ നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തിൽ രണ്ടാമത് ലഭിച്ച അവസരമാണ്.
ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിംഗിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും''പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഭൂകമ്പ സ്ഥലത്തെ വിവരങ്ങൾ പങ്കിട്ടതിനു പിന്നാലെ, ശനിയാഴ്ച രാവിലെ താൻ തിരുവനന്തപുരത്ത് സുരക്ഷിതയായി എത്തിയതായും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർവതി അറിയിച്ചു.