ആർക്കാണ് പൊള്ളിയത്? കൊള്ളുന്നെങ്കിൽ അതിൽ എന്തോ ഇല്ലേ? എമ്പുരാനെ പിന്തുണച്ച് സീമ ജി. നായർ
Saturday, March 29, 2025 1:23 PM IST
എമ്പുരാൻ സിനിമയെയും അണിയറക്കാരെയും പിന്തുണച്ച് രംഗത്തെത്തിയ നടി സീമ ജി നായർക്കെതിരെ സൈബർ ആക്രമണം. പറയേണ്ടത് പറയാൻ കാണിച്ച ധൈര്യത്തിന് കൈയടിയെന്നു പറഞ്ഞ് എമ്പുരാൻ സിനിമയെക്കുറിച്ച് സീമ സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു. അതിനു പിന്നാലെയാണ് താരത്തെ അധിക്ഷേപിച്ച് കമന്റുകളെത്തിയത്.
തെറിയുടെ പൂമൂടൽ നടന്നുകൊണ്ടിരിക്കുകയാണെന്നും എത്ര തെറിവിളിച്ചാലും ഒന്നും ഏശില്ലെന്നും സീമ ഇതിന് മറുപടിയായി പറഞ്ഞു.
""ആരെ പേടിക്കാനാണ്, ധൈര്യമായി മുന്നോട്ട്. എത്രയൊക്കെ ഹേറ്റ് ക്യാംപെയിൻ വന്നാലും കാണേണ്ടവർ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു.
ആരെ ആരാണ് പേടിക്കേണ്ടത്. കൈകെട്ടി, കഴുത്തു കുനിച്ചു നിർത്തി, കഴുത്തു വെട്ടുന്നരീതി അത് കേരളത്തിൽ വിലപ്പോകില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടെയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല. പറയേണ്ടപ്പോൾ. പറയേണ്ടത്, പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ കയ്യടി. ഇവിടെ ആർക്കാണ് പൊള്ളിയത്, ആരുടെ പേര് ആരെങ്കിലും പറഞ്ഞോ.
കോഴി കട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയിൽ തമ്മിൽ അടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ.
നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങൾ പോരട്ടെ. എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ. ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട് ...
(തെറി പാർസെലിൽ വരുന്നുണ്ട് പോസ്റ്റ് ഇട്ടതെ ഉള്ളു സൂപ്പർ ആണ് ..എന്റെ പ്രിയപ്പെട്ടവർ ആരും കമന്റ് വായിക്കല്ലേ ..കുറച്ചൊക്കെ ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ട് ഉറക്കം വരുമ്പോൾ പോയി കിടക്കുമെ..എന്റെ പൊന്നോ എന്റെ അപ്പൂപ്പൻ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും ) അത്രയ്ക്കും ഉണ്ട് പറ്റാത്തത് ഞാൻ ഡിലീറ്റ് ചെയ്യുമേ.’'
ഈ കുറിപ്പെഴുതിയതിനു തൊട്ടു പിന്നാലെ സൈബർ ആക്രമണം തുടങ്ങിയതോടെയാണ് സീമ മറ്റൊരു കുറിപ്പുമായെത്തിയത്.
‘ശുഭദിനം തെറിയുടെ പൂമൂടൽ നടന്നുകൊണ്ടിരിക്കുന്നു. ആണുങ്ങളും, പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലാ ..കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്.
സിനിമയിൽ ചാൻസ് കിട്ടാൻ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല, സിനിമയില്ലേൽ സീരിയൽ, അതില്ലേൽ നാടകം. ഇനി അതുമില്ലേൽ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാൻ. സിനിമ നടിയായി സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല’