മലയാളത്തിന്റെ ഏറ്റവും വലിയ ഓപ്പണിംഗ് ചിത്രമായി എമ്പുരാൻ; ആദ്യദിന കളക്ഷൻ റിപ്പോർട്ട്
Friday, March 28, 2025 3:25 PM IST
ചരിത്രം തിരുത്തിക്കുറിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എന്പുരാൻ. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമായി സിനിമ മാറിക്കഴിഞ്ഞു. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കളക്ഷൻ തുക പുറത്തുവിട്ടിട്ടില്ല.
മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്തിരുന്നു. ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ട്രാക്കിന്റെ വെബ്സൈറ്റായ സാക്നികിന്റെ റിപ്പോർട്ട് പ്രകാരം മലയാളം പതിപ്പ് 19.45 കോടിയും തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായാണ് കണക്ക്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവും നേടി.
ആഗോളതലത്തിൽ ആദ്യദിനം 65 കോടി സിനിമ നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. വിദേശത്തും ചിത്രം റിക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഓവർസീസ് കളക്ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിംഗ് ആണ് എമ്പുരാന് ലഭിച്ചത്.
യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിംഗ് കളക്ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറിക്കഴിഞ്ഞു.