പ്രശ്നം പരിഹരിച്ചു; വീര ധീര ശൂരൻ തിയറ്ററുകളിലെത്തി
Friday, March 28, 2025 10:14 AM IST
വിക്രത്തെ നായകനാക്കി എസ്.യു. അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര ശൂരന്റെ റിലീസിംഗ് തടസങ്ങൾ മാറി ചിത്രം തിയറ്ററുകളിൽ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്.
പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിന് ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമാണ കമ്പനിയായ എച്ച്. ആർ. പിക്ചേഴ്സിന് ലഭിച്ചു. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടൈൻമെന്റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്.
പ്രശ്ന പരിഹാരത്തിനായി ബി4യുവിന് നിർമാതാക്കള്‍ ഏഴ് കോടി രൂപ നല്‍കണം എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ വിക്രവും സംവിധായകനും തങ്ങളുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരിച്ചുനല്‍കി പ്രതിസന്ധി പരിഹരിക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്നാണ് ഉച്ചയോടെ പ്രശ്നപരിഹാരം നടത്തി വൈകുന്നേരം ചിത്രം പ്രദർശനസജ്ജമായത്.
സുരാജ് വെഞ്ഞാറമൂടും എസ്.ജെ. സൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ എമ്പുരാന് റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.