എങ്ങും അലയടിച്ചുയർന്ന് എന്പുരാൻ; ആദ്യഷോ അവസാനിച്ചു
Thursday, March 27, 2025 9:38 AM IST
ആഘോഷത്തിൽ അലകടൽ തീർത്തിറങ്ങിയ എന്പുരാന്റെ ആദ്യ ഷോ അവസാനിച്ചു. രാവിലെ ആറിന് തുടങ്ങിയ ഫാൻസ് ഷോ ഒൻപതോടെയാണ് അവസാനിച്ചത്. അതിഗംഭീരം എന്നാണ് ചിത്രം കണ്ടിറങ്ങിയ ആരാധകർ പറയുന്നത്. ഹോളിവുഡ് ലെവൽ മേക്കിംഗാണ് ചിത്രമെന്നാണ് പറയുന്നത്.
മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ കിടിലൻ ഡയലോഗുകളും തിയറ്ററുകളിൽ ആവേശത്തിന്റെ അലകടൽ സൃഷ്ടിച്ചു. മണിക്കൂറുകളെണ്ണി കാത്തിരുന്ന ആരാധകർക്ക് മുന്നിലേയ്ക്ക് മോഹൻലാൽ വന്നിറങ്ങിയതോടെ ആഘോഷം ആർത്തിരന്പലുകളായി.
കൊച്ചിയിലെ കവിത തിയറ്ററിലാണ് താരങ്ങളടക്കമുള്ളവർ സിനിമ കാണാനെത്തിയത്. മോഹൻലാൽ, ഭാര്യ സുചിത്ര, മകൻ പ്രണവ്, പൃഥ്വിരാജ്, ടൊവീനോ, മഞ്ജു വാര്യർ, മല്ലിക സുകുമാരൻ, ഇന്ദ്രജിത്ത്, പൂർണിമ തുടങ്ങി എല്ലാവരും രാവിലെ 5.30യോടെ എത്തി.
കേരളത്തില്‍ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എമ്പുരാന് റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തിയറ്ററുകളിലും ആരാധകർ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു.
റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റിക്കാഡുകളും എമ്പുരാന് ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം.
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്.