കോഴിക്കോടിന്റെ മരുമകൻ; മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് ഭാര്യയും നടിയുമായ നന്ദന
Wednesday, March 26, 2025 11:02 AM IST
ഭർത്താവ് മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് മലയാളത്തിന്റെ പ്രിയനടി നന്ദന. കോഴിക്കോട്ടുകാരിയായ നന്ദന 2006ലാണ് മനോജിനെ വിവാഹം കഴിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മനോജിന്റെ മരണം.
കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48 വയസുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ആഘാതത്തിലാണ് സിനിമാലോകവും.

ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി നന്ദന എന്ന അശ്വതി പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു വിവാഹം. അർഷിത, മതിവതാനി എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്കുള്ളത്. വിവാഹത്തോടെ നന്ദന സിനിമ അഭിനയം ഉപേക്ഷിച്ചു.
സ്നേഹിതൻ, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന. നാലോളം തമിഴ് ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്.

ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു മനോജിന്റെ അരങ്ങേറ്റം. പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ശങ്കറിന്റെയും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. 2023ൽ മാര്‍ഗഴി തിങ്കള്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി.