കാലിന് പരിക്കേറ്റിരുന്ന സമയത്താണ് എന്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്; പൃഥ്വിരാജ് പറയുന്നു
Friday, March 21, 2025 9:29 AM IST
കഠിനമായ പരിക്കിൽ നിന്ന് വേഗം സുഖം പ്രാപിക്കാൻ എംപുരാന്റെ ചിത്രീകരണം സഹായിച്ചുവെന്ന് പൃഥ്വിരാജ്. തനിക്ക് പരിക്കേറ്റിരുന്ന സമയത്താണ് എന്പുരാന്റെ ലഡാക്കിലെ ഷൂട്ടിംഗ് തുടങ്ങിയതെന്നും ആദ്യ ഷെഡ്യൂൾ ലഡാക്കിൽ 12,300 അടിയിൽ, മൈനസ് 12 ഡിഗ്രി സെൽഷ്യസിലായിരുന്നു ചിത്രീകരിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.
""ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുൻപ് വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ. അതിന്റെ ചിത്രീകരണത്തിനിടെ ഒരു ആക്ഷൻ സീക്വൻസ് ചെയ്യുമ്പോൾ എനിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. കാൽമുട്ടിന്റെ ലിഗമെന്റ് (ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്) ശസ്ത്രക്രിയ നടത്തിയിട്ടുള്ളവർക്ക് അറിയാം അത് ഭേദമാകാൻ എടുക്കുന്ന ബുദ്ധിമുട്ടിനേക്കുറിച്ച്.
അത് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. പ്രത്യേകിച്ച് വളരെ ആക്ടീവായിട്ടുള്ള അല്ലെങ്കിൽ പുറത്തുപോകുകയും തിരക്കുകളുമൊക്കെയുള്ള എന്നെപ്പോലെയുള്ള ഒരാൾക്ക്. അതുകൊണ്ട് ഞാൻ വളരെ പിറകിലായിരുന്നു. ഞാനിപ്പോൾ ശരിക്കും നൂറ് ശതമാനം ആയിരിക്കുന്നതിന്റെ കാരണം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ ഞാൻ എന്നെത്തന്നെ നിർബന്ധിച്ചതു കൊണ്ടാണ്.
എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?. എംപുരാന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ 12,300 അടിയിൽ, മൈനസ് 12 ഡിഗ്രി സെൽഷ്യസിലായിരുന്നു ചിത്രീകരിച്ചത്. അവിടെ ഓക്സിജൻ വളരെ കുറവായിരുന്നു, അതുപോലെ കൊടും തണുപ്പും.
സിനിമ മുഴുവൻ എടുത്തു നോക്കിയാൽ ആ സീൻ ആണ് ഏറ്റവും വെല്ലുവിളി ആയിരുന്നത്. ഞാൻ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ അതിൽ പങ്കാളിയായപ്പോൾ, അത് എനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനമായി''. പൃഥ്വിരാജ് പറഞ്ഞു.