മമ്മൂട്ടിക്കായി വിശാഖം നക്ഷത്രത്തിൽ ശബരിമലയിൽ വഴിപാട് കഴിച്ച് മോഹൻലാൽ
Wednesday, March 19, 2025 8:27 AM IST
മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിച്ച് മോഹൻലാൽ. ശബരിമലയിൽ ദർശനത്തിനെത്തിയപ്പോഴാണ് താരം മമ്മൂട്ടിക്കായി ഉഷപൂജ നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു മമ്മൂട്ടിക്കായി മോഹൻലാലിന്റെ വഴിപാട്.
ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചു. ചൊവ്വാഴ്ചയാണ് താരം ശബരിമല ദർശനത്തിനെത്തിയത്. പമ്പയിൽ നിന്നും കെട്ട് നിറച്ച് മല കയറി. ബുധനാഴ്ച പുലർച്ചെയുള്ള നട തുറക്കലിന് ശേഷം അദ്ദേഹം മലയിറങ്ങും. താരത്തിനൊപ്പം സുഹൃത്ത് കെ. മാധവനും ഒപ്പമുണ്ടായിരുന്നു.

മാർച്ച് 27നാണ് മോഹൻലാൽ നായകനാവുന്ന ചിത്രം എമ്പുരാന്റെ റിലീസ്. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് നിലവിൽ താരം അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ.