"ഗോട്ടിനെ' കണ്ടുമുട്ടി; വിരാട് കോഹ്ലിയെ കണ്ട സന്തോഷത്തിൽ ഹനുമാൻ കൈൻഡ്
Tuesday, March 18, 2025 12:57 PM IST
സൂപ്പർതാരം വിരാട് കോഹ്ലിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് റാപ്പർ ഹനുമാൻ കൈൻഡ്. ‘‘എക്കാലത്തെയും മികച്ച (GOAT) താരത്തെ കണ്ടുമുട്ടി’’എന്ന അടിക്കുറിപ്പോടെയാണ് ഹനുമാന് കൈന്‍ഡ് കോഹ്ലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇരുവരും ആര്‍സിബിയുടെ ജഴ്സിയണിഞ്ഞാണ് ചിത്രത്തിലുള്ളത്.
ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിക്ക് ശേഷമാണ് ഹനുമാന് കൈന്‍ഡ് - വിരാട് കോഹ്ലി കൂടിക്കാഴ്ച നടന്നത്.
പരിപാടിക്ക് മാറ്റുകൂട്ടാന്‍ ഹനുമാന് കൈന്‍ഡിന്റെ പെര്‍ഫോര്‍മന്‍സും ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഹനുമാന് കൈന്‍ഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാട്ട്. ആഗോളതലത്തില്‍ വൈറലായ ബിഗ് ഡൗഗ്സിന് പിന്നാലെ ഹനുമാന്‍കൈന്‍ഡിന്റെ പുതിയ ഗാനമായ റണ്‍ ഇറ്റ് അപ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
യൂട്യൂബില്‍ 2.7 മില്യണ്‍ കാഴ്ചകളാണ് ഒരു ദിവസംകൊണ്ട് ഗാനം നേടിയത്. കേരളത്തിന്റെ സംസ്കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന റാപ് ഗാനത്തില്‍ രാജ്യമെമ്പാടുമുള്ള വിവിധ ആയോധനകലകളും നൃത്തരൂപങ്ങളും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.