എമ്പുരാൻ ട്രെയിലർ ആദ്യം കാണിച്ചത് രജനികാന്തിനെ; ഫാൻ ബോയ് നിമിഷമെന്ന് പൃഥ്വിരാജ്
Tuesday, March 18, 2025 10:52 AM IST
എമ്പുരാൻ സിനിമയുടെ ട്രെയിലർ ആദ്യം കണ്ട് സൂപ്പര്‍സ്റ്റാർ രജനികാന്ത്. പൃഥ്വിരാജാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ‘‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനു ശേഷം അങ്ങു പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സർ. വാക്കുകള്‍ പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻബോയ്.’’പൃഥ്വിരാജ് കുറിച്ചു.
ചെന്നൈയിലെ രജനികാന്തിന്റെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് എമ്പുരാൻ ട്രെയിലർ അദ്ദേഹത്തെ കാണിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ തുടരുകയാണ് താരം. രാജമൗലി സിനിമയില്‍ നിന്നും താൽക്കാലികമായി ഇടവേള എടുത്താണ് താരം പ്രമോഷന് സജീവമായത്.
അതേസമയം ആഗോളറിലീസായി ചിത്രം മാർച്ച് 27ന് തിയറ്ററുകളിലെത്തും. 2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാന്, അമേരിക്ക, യു കെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ ലൊക്കേഷനായി. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.