പരസ്പരം സംശയിച്ച് വിനയ് ഫോർട്ടും ഫഹദും; പ്രെമോ വീഡിയോ വൈറൽ
Tuesday, March 18, 2025 8:43 AM IST
വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം സംശയത്തിന്റെ രസകരമായ പ്രമോ വീഡിയോയാണ് ഇപ്പോൾ വൈറൽ. ഫഹദ് ഫാസിലാണ് വിനയ്ക്കൊപ്പം പ്രമോയിൽ വന്നിരിക്കുന്നത്. പരസ്പരം സംശയിച്ചിരിക്കുന്ന ഫഹദ് ഫാസിലിനെയും വിനയ് ഫോർട്ടിനെയും വീഡിയോയിൽ കാണാം.
"സംശയം' സിനിമയ്ക്കായിട്ടാണ് ഇത്തരമൊരു വ്യത്യസ്ത പ്രമോയുമായി അണിയറക്കാർ എത്തിയത്. ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം(One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ ചിത്രമെത്തുന്നു.
ആട്ടം സിനിമയ്ക്കു ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന.
മുഴുനീള ഫാമിലി എന്റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ ,പാർവതി തെരുവോത്ത് എന്നിവർ അഭിനയിച്ച ആർക്കറിയാം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്. പിആർഒ-വാഴൂർ ജോസ്.