എന്പുരാന്റെ ആദ്യ ഷോ 27-ന് എത്രമണിക്കാണെന്നറിയാമോ? ആവേശക്കൊടുമുടിയേറി ഔദ്യോഗിക പ്രഖ്യാപനം
Tuesday, March 18, 2025 8:38 AM IST
ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാഴ്ത്തി എന്പുരാന്റെ പുതിയ അപ്ഡേറ്റ്. ചിത്രത്തിന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം.
ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അവിടത്തെ ടൈം സോൺ അനുസരിച്ചായിരിക്കും പ്രദർശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയാണ് എമ്പുരാൻ.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാന്, അമേരിക്ക, യു കെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ ലൊക്കേഷനായി. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.