ലൈക്കയിൽ നിന്നും എന്പുരാന്റെ റൈറ്റ്സ് ഏറ്റെടുത്ത് ഗോകുലം മൂവീസ്; ഒടുവിൽ അനിശ്ചിതത്തിന് വിരാമം
Saturday, March 15, 2025 3:10 PM IST
ഒടുവിൽ അനിശ്ചിതത്വം മാറുന്നു. മോഹൻലാൽ ചിത്രം എന്പുരാന്റെ നിർമാണ പങ്കാളിയായ ലൈക്കയിൽ നിന്ന് റൈറ്റ്സുകൾ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവിസ് ഏറ്റെടുത്തു.
ലൈക്കയിൽ നിന്ന് റൈറ്റ്സുകൾ വാങ്ങിയതോടെ എമ്പുരാൻ നിർമാണത്തിൽ ഗോകുലവും ഇനി മുതൽ നിർമാണ പങ്കാളിയാവും. ചിത്രത്തിന്റെ ഓവർസീസ് വിതരണം ആശിർവാദ് സിനിമാസ് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. ലൈക്ക പ്രൊഡക്ഷൻസിന്റേതായി മുൻപ് പുറത്തിറങ്ങിയ ഇന്ത്യൻ 2 ഉൾപ്പടെയുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകൾ റിലീസ് ചെയ്യാൻ തിയേറ്ററുകൾ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത.
സിനിമയുടെ ഒടിടി, ഓവർസീസ്, മറ്റു ഭാഷകളിലെ ഡിസ്ട്രിബൂഷൻ തുകകളോട് ലൈക്കയ്ക്ക് യോജിക്കാനാകുന്നില്ലെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. മാർച്ച് 27 ന് റിലീസ് പ്രഖ്യാപിച്ച എമ്പുരാന്റെഫാൻസ് ഷോകൾ അടക്കം ഇതിനോടകം വിറ്റുപോയിരുന്നു.
പ്രത്യേക നിബന്ധനകൾ ഒന്നുമില്ലാതെ തന്നെയാണ് ലൈക്കയിൽ നിന്ന് ഗോകുലം റൈറ്റ്സ് ഏറ്റെടുത്തെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുമോയെന്ന അഭ്യൂഹങ്ങൾക്കും വിരാമം ആയിട്ടുണ്ട്. മാർച്ച് 27 എന്ന ഹാഷ്ടാഗോടെയാണ് ആശിർവാദ് സിനിമാസ് ആശിർവാദ് സിനിമാസ് ദുബായ് ഒഫീഷ്യൽ പേജ് ഈ വാർത്ത പങ്കുവെച്ചത്. ഇതോടെ ചിത്രം മാർച്ച് 27 ന് തന്നെ പുറത്തിറങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
വെള്ളിയാഴ്ച അർധരാത്രിയോടെ പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരുന്നു. ചെകുത്താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ തന്ത്രം..താൻ ഇല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുക എന്നതായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചത്.