ഹിന്ദിയോട് വെറുപ്പ്, പിന്നെന്തിന് തമിഴ് സിനിമകൾ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നു; വിവാദപ്രസ്താവനയുമായി പവൻ കല്യാൺ
Saturday, March 15, 2025 1:15 PM IST
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹിന്ദി ഭാഷ കൊണ്ടുവരുന്ന കേന്ദ്ര നീക്കത്തെ എതിര്‍ക്കുന്ന തമിഴ്നാട് നേതാക്കള്‍ക്കെതിരെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന് കല്യാണ്‍.
കേന്ദ്രസർക്കാരും തമിഴ്നാടും തമ്മിലുള്ള ഭാഷാ തർക്കത്തിനിടെയാണ് പവൻ കല്യാണിന്റെ പരാമർശം.
""ഇന്ത്യക്ക് തമിഴ് ഉൾപ്പെടെ ഒന്നിലധികം ഭാഷകൾ ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താൻ മാത്രമല്ല, ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും വളർത്തിയെടുക്കാനും നാം ഭാഷാ വൈവിധ്യം സ്വീകരിക്കണം''- കാക്കിനഡ ജില്ലയിൽ ഇന്നലെ പാർട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു കല്യാൺ.
ഡിഎംകെയെ നേരിട്ടു പരാമർശിക്കാതെ, തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർ കാപട്യക്കാരാണെന്ന് കല്യാൺ ആരോപിച്ചു. ഹിന്ദിയെ എതിർക്കുമ്പോൾ തന്നെ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റാൻ അനുവദിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
ഡിഎംകെ നേതാക്കൾ നടത്തുന്ന സ്വകാര്യ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ടെന്നും സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ഡിഎംകെയുടെ ഇരട്ടത്താപ്പ് നിലപാടുകളെ കുറ്റപ്പെടുത്തി. സർക്കാർ സ്കൂൾ വിദ്യാർഥികൾ മൂന്നാം ഭാഷ പഠിക്കണമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്നും കല്യാൺ ചോദിച്ചു.