ആദ്യവിവാഹം നടന്നത് 2019ൽ; അന്ന് ഡിവോഴ്സിനു സഹായിച്ചത് ബാല: കോകിലയ്ക്കു മറുപടിയുമായി എലിസബത്ത്
Saturday, March 15, 2025 12:03 PM IST
ബാലയെ വിവാഹം കഴിക്കുന്നതിന് മുൻപ് താൻ ഒരു ഡോക്ടറെ വിവാഹം കഴിച്ചിട്ടുണ്ടെന്ന കോകിലയുടെ ആരോപണം സത്യമാണെന്ന് തുറന്നുപറഞ്ഞ് എലിസബത്ത് ഉദയൻ.
ബാലയുമായി ഇഷ്ടത്തിലാകുന്നത് ഫേസ്ബുക്ക് വഴിയായിരുന്നുവെന്നും പ്രൊഫൈലിൽ ഡിവോഴ്സിയെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും ബാല തന്നെയാണ് വിവാഹമോചനത്തിനായി സഹായിച്ചതെന്നും എലിസബത്ത് പറയുന്നു.
വിവാഹിതയാണെന്ന് ആരോടും പറയണ്ടെന്ന് പറഞ്ഞത് ബാലയാണെന്നും ആരെങ്കിലും അറിഞ്ഞാൽ നടനെന്ന രീതിയിൽ തനിക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞതുകൊണ്ടാണ് മൗനം പാലിച്ചതെന്നും എലിബത്ത് വെളിപ്പെടുത്തി.
ബാല ഭാര്യയെക്കൊണ്ട് വീഡിയോ ചെയ്യിക്കുന്നത് സ്ത്രീകൾ തമ്മിലടിക്കുന്നത് മാറിനിന്ന് കണ്ടുരസിക്കാനാണെന്നും എലിസബത്ത് പറയുന്നു. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ രജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് ഇവരെന്നുമായിരുന്നു കോകില ആരോപിച്ചത്.
‘‘അങ്ങനെ അവസാനം തേങ്ങ എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ‘‘മാമാ വേണ്ട വേണ്ട എന്നു പറഞ്ഞതാണ്, പക്ഷേ എനിക്ക് മിണ്ടാതിരിക്കാനാകില്ല’’ എന്നൊക്കെയാണ് കോകില പറയുന്നത്. എന്നിട്ട് ആ വിഡിയോ പോസ്റ്റ് ചെയ്തത് മാമന്റെ അക്കൗണ്ടിലും.
ഇനി സത്യത്തിലേക്കു കടക്കാം. എന്റെ വിവാഹം 2019 മേയ് മാസമായിരുന്നു. മൂന്നാഴ്ച ഒരുമിച്ചു താമസിച്ചു. പക്ഷേ ഡിവോഴ്സ് കുറച്ച് വൈകിയാണ് നടന്നത്. ഡോക്ടറിനെ തന്നെയാണ് വിവാഹം കഴിച്ചത്. ഓൺലൈൻ മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഞങ്ങള് കണ്ടുമുട്ടിയതും.
എന്നെ ഡിവോഴ്സിനായി സഹായിച്ചത് ഈ നടനാണ്. അപ്പോൾ ആ കാര്യത്തില് ഇനിയും സംശയമുണ്ടെങ്കിൽ തെളിവുകൾ തരാം. ഇനിയും അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതു പറയേണ്ടത് ആ ഡോക്ടറാണ്. അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിന്റെ ഉത്തരവും ഞാൻ പൊതുസമൂഹത്തിനു മുന്നിൽ വന്നു പറയുന്നതാകും. ഞങ്ങളുടേത് മ്യൂച്ചൽ ഡിവോഴ്സ് ആയിരുന്നു.
പെണ്ണുകാണലും ഉറപ്പീരുമൊക്കെ അടങ്ങിയ വിവാഹമായിരുന്നു അത്. എൻഗേജ്മെന്റിനു തന്നെ 1800 ആളുകൾ പങ്കെടുത്തു. വിവാഹവും ഓഡിറ്റോറിയത്തിൽ വലിയ പരിപാടിയായാണ് നടത്തിയത്. അല്ലാതെ റജിസ്റ്റർ ഓഫിസിൽ പോയി ആരുമറിയാതെ ഒളിച്ചോടി നടത്തിയ വിവാഹമല്ല. അയാൾ ഇപ്പോൾ വേറെ വിവാഹം കഴിച്ച് സുഖമായി താമസിക്കുന്നു.
നാലോ അഞ്ചോ വിവാഹം ചെയ്ത ആൾക്ക് ഈ വിവാഹത്തിൽ മാത്രം എന്താണ് പ്രശ്നം. അതും അയാളോടു പറഞ്ഞിട്ടാണ് ഈ വിവാഹത്തിലേക്കു വരുന്നത് തന്നെ. വിവാഹമോചനത്തിനുപോലും ഒപ്പം നിന്ന ആളാണ് ഇപ്പോൾ ഈ വിഷയത്തിൽ എന്നെ ഭീഷണിപ്പെടുത്തുന്നത്.
ഇതിനു മുമ്പ് എനിക്കൊരു ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉണ്ടായിരുന്നു. അതിൽ റിലേഷൻ സ്റ്റാറ്റസിലും ഡിവോഴ്സി എന്നാണ് ഞാൻ വച്ചിരുന്നത്. ആ പ്രൊഫൈൽ വച്ചിട്ടാണ് ഇയാൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. അതുകൊണ്ട് ഈ വിവാഹക്കാര്യം മറച്ചുവച്ചിട്ടില്ല ഇയാളുമായി അടുത്തത്.
അന്ന് വിവാഹം എന്നു പറയുന്ന ആ ചടങ്ങ് കഴിഞ്ഞ സമയത്ത് ഇയാൾ തന്നെയാണ് മുമ്പൊരു വിവാഹം കഴിഞ്ഞുവെന്നത് ആരോടും പറയേണ്ടെന്നു പറഞ്ഞത്. അതു പറഞ്ഞാൽ തനിക്കു നാണക്കേട് ആകുമെന്നാണ് ഈ മനുഷ്യൻ അന്നു പറഞ്ഞത്. തനിക്കെന്നു പറഞ്ഞാൽ പുള്ളിക്ക്.
ഞാനൊരു വിവാഹമോചിതയാണെന്നു പറയുന്നതില് എനിക്കൊരു നാണക്കേടും ഇല്ലായിരുന്നു. 5000 ഫ്രണ്ട്സും 16000 ഫോളോവേഴ്സും ഉള്ള അക്കൗണ്ടിലാണ് റിലേഷൻഷിപ്പ് സ്റ്റാറ്റസ് ഡിവോഴ്സി എന്നിട്ടിരുന്നത്.
പുള്ളിയുടെ കൂടെ താമസിക്കാൻ തുടങ്ങിയപ്പോൾ ആ പ്രൊഫൈൽ അയാൾ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിലൂടെയാണ് ഞങ്ങൾ ഇഷ്ടപ്പെട്ടതും അയാൾ എന്നെ പ്രൊപ്പോസ് ചെയ്തതും. മാത്രമല്ല അന്ന് കയ്യിലുണ്ടായിരുന്ന ഫോണും എറിഞ്ഞു പൊട്ടിച്ചു, സിമ്മും നശിപ്പിച്ചു.
എനിക്കിപ്പോൾ 31 വയസുണ്ട്. എന്തു മരുന്നാണ് ഞാൻ ഈ പതിനഞ്ച് വർഷമായി ചെയ്യുന്നത്. കോകില പറഞ്ഞതു വച്ചാണെങ്കിൽ 15 വയസ്സുതൊട്ട് മരുന്ന് കഴിക്കേണ്ടി വരും. ആ മരുന്ന് എന്താണെന്നു കൂടി പറയണമായിരുന്നു. പനിക്കും വയറുവേദനയ്ക്കും വയറിളക്കത്തിനും ഈ പതിനഞ്ച് വർഷമായി മരുന്ന് കഴിച്ചിട്ടുണ്ടാകും. അല്ലാതെ എന്തേലും മരുന്നുണ്ടെങ്കിൽ ആ തെളിവ് കൂടി നിങ്ങൾ പറയണം. ഈ അടുത്താണ് ഡിപ്രഷന് മരുന്ന് കഴിക്കാൻ തുടങ്ങിയത്.
ഒരു പെണ്ണിനെപ്പറ്റി പറയാൻ കഴിയുന്ന മോശമായ കാര്യങ്ങളൊക്കെ ഇവർ പറഞ്ഞുപരത്തി. കുട്ടികളുണ്ടാവാത്ത സ്ത്രീയെന്നു വരെ പറഞ്ഞു.’’–എലിസബത്ത് പറഞ്ഞു.