പേപ്പർ വെയ്റ്റും കൈയിലെടുത്ത് മോഹൻലാലിന്റെ ഒരു പ്രകടനമുണ്ടായിരുന്നു, കണ്ടിരുന്നുപോയി; വിവേക് ഒബ്റോയ്
Friday, March 14, 2025 9:05 AM IST
മോഹൻലാലിനൊപ്പം ആദ്യമായി സ്ക്രീൻ ഷെയർ ചെയ്ത നിമിഷം ഓർത്തെടുത്ത് നടൻ വിവേക് ഒബ്റോയ്. ഹിന്ദി ചിത്രമായ കന്പനിയിലൂടെ അഭിനയരംഗത്തെത്തിയ വിവേകിന് മോഹൻലാലിനൊപ്പമുള്ള ആ സീൻ ഇന്നും അതിശയിപ്പിക്കുന്നതാണ്.
മോഹൻലാലിന്റെ അഭിനയചാരുത കണ്ട് ഡയലോഗ് പറയാൻ മറന്നുപോയ സംഭവമാണ് വിവേക് ഒബ്റോയ് ഓർത്തെടുത്തത്.
മാളിലൊക്കെ പോകുന്ന സമയത്ത് ‘ബോബി’ എന്ന് പിന്നിൽ നിന്നും ആരെങ്കിലും വിളിക്കും. അപ്പോഴെ മനസിലാകും അതൊരു മലയാളി ആണെന്ന്. തിരിഞ്ഞ് നോക്കിയിട്ട് ‘സുഖമാണോ?’ എന്നു തിരിച്ചു ചോദിക്കും.
മോഹൻലാൽ സാറുമൊത്തുള്ള അനുഭവം പറയാം. ‘കമ്പനി’ എന്ന സിനിമ ചെയ്യുമ്പോൾ എനിക്ക് 24 വയസാണ്. 24 വയസ്സുള്ള കുട്ടി ലാലേട്ടനുമായി ഒരു സീനിൽ അഭിനയിക്കാനിരിക്കുകയാണ്. ലാലേട്ടൻ ഷോട്ടിന് മുൻപ് വളരെ നോർമൽ ആയാണ് ഇരിക്കുന്നത്.
ആക്ഷൻ പറഞ്ഞപ്പോൾ പെട്ടെന്ന് അദ്ദേഹം മുന്നിലിരുന്ന ഒരു ഗ്ലാസ് പേപ്പർ വെയിറ്റ് കൈയിലെടുത്തു. അതെടുത്ത് കളിച്ചുകൊണ്ട് ഡയലോഗ് പറഞ്ഞുതുടങ്ങി. പിന്നെ എന്റെ മുന്നിൽ ഞാൻ കണ്ടത് ഒരു ജീനിയസ് പെർഫോമൻസ് ആണ്.
അതിനു ശേഷം ആ സീനിൽ മറുപടി ഡയലോഗ് പറയേണ്ടത് ഞാനാണ്. കാമറ എന്നിലേക്ക് തിരിഞ്ഞപ്പോഴും ഒരു ഫാൻ ബോയ് പോലെ അദ്ദേഹത്തെ നോക്കി ഇങ്ങനെ ഇരിക്കുകയാണ്. അദ്ദേഹം എങ്ങനെയായിരിക്കും അത് ചെയ്തത് എന്നാണ് എന്റെ ചിന്ത.
അപ്പോൾ സംവിധായകൻ രാം ഗോപാൽ വർമ ഒരു ശാസനപോലെ എന്നോട് ചോദിച്ചു ‘നിനക്ക് എന്തു പറ്റി? നിന്റെ ഡയലോഗ് പറയാതെ ഇരിക്കുന്നതെന്താണ്?’ ഞാൻ പറഞ്ഞു, ‘സോറി സർ, ഞാൻ ഈ നിമിഷം ആസ്വദിക്കുകയായിരുന്നു’. എന്റെ മുന്നിൽ രണ്ടടിക്കപ്പുറം നടന്ന ഈ അസുലഭ അഭിനയമുഹൂർത്തം കണ്ട് ഞാൻ സ്വയം മറന്ന് ഇരിക്കുകയായിരുന്നു.
ലൂസിഫർ ചെയ്യുന്നതിന് മുൻപ് മോഹൻലാല് സര് എന്നെ വിളിച്ചു, ‘രാജു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നീ ഹിന്ദിയിൽ തുടക്കം കുറിച്ചത് എന്നോടൊപ്പമാണ്, മലയാളത്തിലും തുടക്കം കുറിക്കുന്നത് എന്നോടൊപ്പം ആകട്ടെ’.
അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ ‘ലൂസിഫർ’ ചെയ്യാൻ തീരുമാനിച്ചു. ഇപ്പോഴും ദുബായിൽ മാളിലൂടെ ഒക്കെ നടക്കുമ്പോൾ ഒരു മലയാളി എങ്കിലും എന്നെ ബോബി എന്ന് വിളിച്ച് അടുത്തുവരാറുണ്ട്. വിവേക് ഒബ്റോയ് പറയുന്നു.