ഈ വർഷത്തെ പ്രാർഥന "തുടരും' സിനിമയ്ക്കായി; പതിവുതെറ്റിക്കാതെ പൊങ്കാലയിട്ട് ചിപ്പി
Thursday, March 13, 2025 12:29 PM IST
പൊങ്കാല നിവേദ്യങ്ങളാൽ ഭക്തിസാന്ദ്രമായിരിക്കുകയാണ് തിരുവനന്തപുരം. സാധരാണക്കാരും സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊങ്കാലയർപ്പിക്കാനെത്തിയിട്ടുണ്ട്. വർഷങ്ങളായി പതിവുതെറ്റിക്കാതെ പൊങ്കാല അർപ്പിക്കാനെത്തിയിരിക്കുകയാണ് നടി ചിപ്പി.
പൊങ്കാല ചിപ്പിയെന്ന പേര് മാധ്യമങ്ങളാണ് തനിക്ക് ഇട്ടതെന്ന് താരം ചിപ്പി പറഞ്ഞു. ഒരുപാട് പ്രാർത്ഥനകൾ ഈ വർഷവും തനിക്കുണ്ട്. മോഹൻലാൽ നായകനായി ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന തുടരും സിനിമയക്കായാണ് ഇത്തവണ പ്രാർഥിക്കുന്നതെന്നും ചിപ്പി പറഞ്ഞു. പൊങ്കാല അർപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടിൽ എത്തിയിരുന്നു.
അതേസമയം ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ പണ്ടാര അടുപ്പിൽ തീ പകർന്നു. ഇതോടെ 2025ലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്