12 വർഷത്തിന് ശേഷം തമിഴിൽ ഭാവനയുടെ മടങ്ങിവരവ്; സംവിധാനം സഹോദരൻ; നിർമാണം ഭർത്താവ്
Thursday, March 13, 2025 11:57 AM IST
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ദി ഡോറിന്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്.
ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിരിക്കും റിലീസിന് എത്തുക.
അജിത്തിനൊപ്പം നായികയായി എത്തിയ ‘ആസൽ’ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയ ഭാവന ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഒരു ഹൊറർ ചിത്രത്തിന് വേണ്ടിയായിരുന്നു. ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ഹണ്ട് എന്ന സിനിമയിലെ നായികയായിരുന്നു ഭാവന.