മാർക്കോ കാണാൻ ഗർഭിണിയായ ഭാര്യയെയും കൂട്ടി പോയി; ഭാര്യയ്ക്ക് അസ്വസ്ഥത; പകുതിക്ക് ഇറങ്ങിപ്പോയി നടൻ
Thursday, March 13, 2025 10:28 AM IST
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ കാണാൻ പോയ തെലുങ്ക് നടൻ കിരൺ അബ്ബവാരവും ഗർഭിണിയായ ഭാര്യയും സിനിമ കണ്ട് പകുതിയാകും മുൻപേ തിയറ്ററിൽ നിന്നും മടങ്ങി. തീവ്രമായ വയലൻസിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ ദമ്പതികൾ തിയറ്ററിൽ നിന്നും പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാർക്കോ കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്ന് കിരൺ വെളിപ്പെടുത്തി.
‘ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാൻ കഴിയാത്തതിനാൽ ഞാൻ പുറത്തേക്ക് പോയി. അക്രമം അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് പോയത്.
അവൾ ഗർഭിണിയാണ്. അതിനാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞങ്ങൾ പുറത്തേക്കു പോയി. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല.
സിനിമകൾ സ്വാധീനം ചെലുത്താറുണ്ട്. നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മിൽ നിലനിൽക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്.
പക്ഷേ അതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളുന്നവരുമുണ്ട്. ഇപ്പോൾ ഞാൻ അതിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു.'' ഗലാട്ട തെലുങ്കിനു നൽകിയ അഭിമുഖത്തിൽ കിരൺ വെളിപ്പെടുത്തി.