അവർക്ക് മാപ്പു നൽകാം എന്ന് രഹസ്യമായെങ്കിലും ചിന്തിച്ചിരുന്നു, എന്നാൽ: സിന്ധു കൃഷ്ണ പറയുന്നു
Wednesday, March 12, 2025 2:59 PM IST
അഹാന നായികയായെത്തുന്ന നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിന്ധു കൃഷ്ണ. വിഷയത്തിൽ പ്രശ്നക്കാര്‍ക്കു മാപ്പ് നൽകി നിശബ്ദരായി ഇരിക്കാമെന്നാണ് ചിന്തിച്ചതെങ്കിലും അവർ അതിന് അവസരം നൽകിയില്ലെന്ന് സിന്ധു പറയുന്നു.
‘‘അവർക്ക് മാപ്പു നൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ, അങ്ങനെ ചെയ്യാൻ അവർ ഒരവസരം നൽകിയില്ല. ഒടുവിൽ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു.’’അഹാന കൃഷ്ണയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തുകൊണ്ട് സിന്ധു കൃഷ്ണ കുറിച്ചു.
നാൻസി റാണി സിനിമയുടെ റിലീസുമായി അഹാന സഹകരിക്കുന്നില്ലെന്ന സംവിധായകൻ മനുവിന്റെ ഭാര്യ നൈനയുടെ ആരോപണങ്ങൾക്കു മറുപടിയുമായി അഹാന കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ഈ സിനിമയുടെ സംവിധായകൻ മനു ജീവിച്ചിരുന്നപ്പോൾ തന്നെ അവർ സൃഷ്ടിച്ച പ്രശ്നങ്ങളും പ്രചരിപ്പിച്ച നുണക്കഥകളും താൻ നേരിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് അഹാന വെളിപ്പെടുത്തുകയുണ്ടായി.
തന്നെക്കുറിച്ച് സംവിധായകൻ മനു ജയിംസും ഭാര്യ നൈനയും പ്രചരിപ്പിച്ച നുണക്കഥകൾ സുഹൃത്തുക്കളിൽ നിന്നു മനസ്സിലാക്കിയപ്പോൾ തന്നെ അക്കാര്യം നേരിട്ട് ചോദിച്ചു. ഫോൺ വിളിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം നുണ ആയിരുന്നുവെന്ന് സമ്മതിക്കുകയും അവർ ചെയ്ത തെറ്റിന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ക്ഷമാപണം നടത്തി 20 ദിവസങ്ങൾക്കു ശേഷം മനു നിർഭാഗ്യവശാൽ മരിക്കുകയായിരുന്നുവെന്നും അഹാന പറയുന്നു.
സിനിമയുടെ പ്രമോഷൻ ചെയ്യുന്ന സുഹൃത്തിനോടും മറ്റൊരു നടിയോടും ആണ് മനുവും ഭാര്യയും അഹാനയെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞത്. ഇക്കാര്യം അഹാന മനസിലാക്കിയെന്നറിഞ്ഞപ്പോഴാണ് ക്ഷമാപണവുമായി ഇരുവരും രംഗത്തു വന്നത്.
‘നാന്‍സി റാണി’ റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു സംവിധായകനായ മനുവിന്റെ അപ്രതീക്ഷിത വിയോഗം. മനുവിന്റെ മരണശേഷം സിനിമയുടെ ചുമതല ഭാര്യ നൈന ഏറ്റെടുക്കുകയായിരുന്നു.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഹാന പങ്കെടുത്തിരുന്നില്ല. സിനിമയിലെ മറ്റു താരങ്ങളായ അജു വർഗീസ്, സോഹൻ സീനു ലാൽ, ദേവി അജിത്ത് എന്നിവർ പ്രസ്മീറ്റിൽ പങ്കെടുത്തു. ഈ വേദിയിൽ വച്ചാണ് അഹാന സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ല എന്ന വിവാദ വെളിപ്പെടുത്തൽ നൈന നടത്തിയതും വിഷയം വലിയ ചർച്ചയായതും.