ഭർത്താവിനും മകൾക്കുമെതിരെ വന്നത് വ്യാജവാർത്തകൾ; ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതല്ലെന്ന് കൽപന
Wednesday, March 12, 2025 9:24 AM IST
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ഗായിക കൽപന രാഘവേന്ദ്ര. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും ശരിയായ ഉറക്കം ലഭിക്കാത്ത ഇൻസോമ്നിയ രോഗാവസ്ഥയ്ക്കു കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും കൽപന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യഥാർഥ വസ്തുത തന്റെ മകൾ തന്നെ വ്യക്തമാക്കിയ ശേഷവും ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതു തന്റെ തൊഴിൽ ജീവിതത്തിനും സമൂഹത്തിലെ മാന്യതയ്ക്കും ദോഷമുണ്ടാക്കുന്നതാണ്.
തന്റെ ഭർത്താവിനെയും മകളെയും കുടുംബത്തെയും കുറിച്ചു തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണു പ്രചരിപ്പിച്ചത്. താൻ പൂർണമായി സുഖപ്പെട്ടെന്നും കുടുംബത്തോട് ഒപ്പമാണെന്നും അവർ പറഞ്ഞു.